Spread the love

by പോളിറ്റിക്കല്‍ ഡസ്‌ക്

ന്യൂഡല്‍ഹി: ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍. പിന്നെ ദക്ഷിണേന്ത്യയില്‍ അതിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രണ്ടു സംസ്ഥാനങ്ങള്‍ കേരളം, തമിഴ്‌നാട്. ബംഗാള്‍ വെറെ മണ്ണാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ബിജെപിയുടെ പിഴക്കാത്ത തന്ത്രങ്ങളില്‍ ആശങ്കയുണ്ട്. ന്യൂഡല്‍ഹിയില്‍ നിന്നും അരവിന്ദ് കേജരിവാളിനെ പോലെ ഒരു നേതാവ് ജയിലിലായ നാളുകളില്‍ ഭരണത്തിന് അടിത്തറയിട്ട ബിജെപി അഴിമതി രഹിത പ്രതിച്ഛായയുളള നിതീഷിനെ തന്നെ മുന്‍ നിര്‍ത്തി വീണ്ടും ബിഹാര്‍ പിടിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരായതിനാല്‍ ബിജെപിക്ക് പിണറായി വിജയനോട് അത്ര വിരോധമില്ല. ബിജെപിക്കെതിരെ കാര്യമായ സമരത്തിന് പിണറായി മുന്നോട്ടു വന്നിട്ടുമില്ല. സാമ്പത്തികമായി ഞെരുക്കിയെന്ന ആരോപണം വന്നപ്പോഴും ന്യൂഡല്‍ഹിയിലെത്തി കാര്യം പരിഹരിക്കാനാണ് ശ്രമിച്ചത്. പിണറായി വിജയന്‍ ഒഴികെയുളള ബിജെപി ഇതര സര്‍ക്കാരുകളെയെല്ലാം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തില്‍ വരിഞ്ഞുമുറുക്കി. ഒരു പരിധി വരെ തമിഴ്‌നാടിനെയും തൊട്ടില്ല. ദ്രാവിഡ മനസ് നന്നായി അറിയാവുന്നതിനാലാണിത്.

താമര വിരിയിക്കുക എന്ന ബിജെപിയുടെ സ്വപ്‌നം സഫലമായത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്.തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചു. തിരുവനന്തപുരത്ത് വിജയത്തോട് അടുത്ത പരാജയം. അതായത് കേരളത്തില്‍ 15 ലധികം നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് കരുത്തുണ്ട്. ഒത്തുപിടിച്ചാല്‍ കരകയറാം എന്ന വിശ്വാസം ബിജെപിക്കുണ്ട്.

ബിഹാറിലെ ബിജെപിയുടെ വിജയവും കോണ്‍ഗ്രസ് പരാജയവും ആഘോഷിക്കുന്നത് ഇടതു സൈബര്‍ പോരാളികളാണ്. ബീഹാറില്‍ സിപിഎം ഉള്‍പ്പടെ ഇടതു കക്ഷികളെല്ലാം അടിപതറിയെങ്കിലും സൈബര്‍ കൂട്ടത്തിന് ആ പരാജയത്തില്‍ വേദനയില്ല. കോണ്‍ഗ്രസ് പരാജയത്തിലാണ് ആനന്ദം.

തമിഴ്‌നാട്ടില്‍ എഐഡിഎംകെയാണ് ബിജെപിയുടെ സഖ്യകക്ഷി. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന നടന്‍ വിജയയുടെ പാര്‍ട്ടി തമിഴ്‌നാട് വെട്രി കഴകം (ടിവികെ.) രൂപീകരിച്ചതു തന്നെ അമിത്ഷായുടെ നിര്‍ദേശപ്രകാരമാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു. കേരളത്തില്‍ ബിഡിജെഎസ് പോലുളള സഖ്യകക്ഷികള്‍ ഉണ്ടെങ്കിലും ഓരോ തെരഞ്ഞെടുപ്പിലും പ്രകടനം താഴോട്ടാണെന്നതാണ് ന്യൂനത. ഈ ഘട്ടത്തിലാണ് ഇടതു കക്ഷികളില്‍ പ്രത്യേകിച്ച് സിപിഎമ്മില്‍ ബിജെപി പ്രതീക്ഷ അര്‍പ്പിക്കുന്നത്. ഇടതു കക്ഷികള്‍ നഖശിഖാന്തം എതിര്‍ക്കുന്ന പിഎംശ്രീയില്‍ പോലും ധാരണയിലെത്താന്‍ സിപിഎം മുന്നോട്ടു വന്നത് ബിജെപിക്ക് ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് ബിജെപിക്ക് ബോധ്യമുണ്ട്. ഇതേ വികാരമാണ് ബിജെപി പ്രവര്‍ത്തകര്‍ക്കും.

കേരളത്തില്‍ ഭരണം പിടിക്കണമെങ്കില്‍ സിപിഎം തന്നെ ഭരണത്തിലേറുന്നതാണ് ബിജെപിക്ക് താല്‍പര്യം. പക്ഷേ ബിജെപി ഏറെ പരിശ്രമിച്ചിട്ടും വിവാദങ്ങളില്‍ ആടിയുലഞ്ഞ കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിനെ പ്രതിരോധിക്കാനായില്ല. ലോക്‌സഭാ ഇലക്ഷനില്‍കേരളത്തില്‍ അടിപതറിയത് സിപിഎമ്മാണ്. ശബരിമല സ്വര്‍ണക്കൊള്ള ഉള്‍പ്പടെയുളള വിഷയങ്ങള്‍ പ്രബുദ്ധരായ കേരള ജനത എങ്ങനെ കാണുമെന്നതാണ് ഇടതു കക്ഷികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്. കേരളം ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പൊലെ ചിന്തിക്കുകയും കര്‍ണാടകയെ പോലെ മാറ്റത്തിനായി ദാഹിക്കുകയും ചെയ്താല്‍ 2026ലെ ഫലം കോണ്‍്ഗ്രസിന്റെ തിരിച്ചുവരവാകും.