ദില്ലി: ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതിനായി സ്ഫോടകവസ്തുക്കൾ നിറച്ച 32 പഴയ വാഹനങ്ങൾ തയ്യാറാക്കാൻ ലക്ഷ്യമിട്ടിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്.
ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടു. 2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമം. ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് പറയുന്നു.
ഒരു ഐ20, ഒരു ഇക്കോസ്പോർട്ട് എന്നീ വാഹനങ്ങളിൽ പ്രതികൾ മാറ്റം വരുത്താൻ ശ്രമങ്ങൾ ആരംഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്ഫോടന പരമ്പര നടത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമായി സമാന രീതിയിൽ മറ്റ് വാഹനങ്ങൾ തയ്യാറാക്കുന്നുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
നാല് സ്ഥലങ്ങളിൽ ഏകോപിത സ്ഫോടനങ്ങൾ നടത്താനായി എട്ട് പ്രതികൾ തയ്യാറെടുത്തിരുന്നതായും രണ്ടു പേരുടെ ഓരോ സംഘത്തിനും ഓരോ നഗരത്തെ ലക്ഷ്യം വെക്കാൻ നിർദ്ദേശം ലഭിച്ചിരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

