ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ ചെങ്കോട്ടയ്ക്കു സമീപം കാര്‍ സ്ഫോടനം. എട്ടുപേര്‍ മരിച്ചു 24 പേര്‍ക്കു പരുക്കേറ്റു. സന്ധ്യയ്ക്ക് 7 മണിയോടെയായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം.
ലാല്‍ ക്വില (റെഡ് ഫോര്‍ട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് ഹരിയാന രജിസ്ട്രേഷനുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനമെന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ പറയുന്നു. കാറില്‍ 3 പേരുണ്ടായിരുന്നുവെന്നാണു വിവരം. സ്ഫോടനം എങ്ങനെയുണ്ടായെന്നു വ്യക്തമല്ല.
സമീപത്തുണ്ടായിരുന്ന കാറുകളും കത്തിച്ചാമ്പലായി. ദൂരെ മാറിക്കിടന്ന വാഹനങ്ങളുടെ ജനല്‍ച്ചില്ലുകള്‍ വരെ സ്ഫോടനത്തിന്റെ ശക്തിയില്‍ പൊട്ടിച്ചിതറി. രണ്ടരക്കിലോമീറ്റര്‍ അകലെവരെ സ്ഫോടനശബ്ദം കേട്ടുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. വൈകുന്നേരമായതിനാല്‍ ജനത്തിരക്ക് ഏറെയുണ്ടായിരുന്നു. മെട്രോ ഇറങ്ങി പുറത്തേക്കു വന്ന യാത്രക്കാരും സ്ഫോടനശബ്ദം കേട്ടു ചിതറിയോടി. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. നാലാം നമ്പര്‍ മെട്രോ ഗേറ്റിന്റെ ഗ്ലാസുകളും സ്ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്നു.
ഡല്‍ഹി ക്രൈം ബ്രാഞ്ച്, സ്പെഷല്‍ ബ്രാഞ്ച്, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) എന്നീ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി സംഭവസ്ഥലം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ സ്ഫോടന കാരണം വ്യക്തമാകൂ..

