Spread the love

കൊല്ലം : സിവിൽ പൊലീസ് ഓഫിസർ ആർച്ചൽ പാലവിള വീട്ടിൽ വി.എസ്. വിവേകിന്റെ വീട്ടിലെ കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് കഴിഞ്ഞ ദിവസം രാത്രി തീ കത്തിച്ചു നശിപ്പിച്ച കേസിൽ 2 യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണു പിടിയിലായത്. ഇതിനിടെ പൊലീസ് കസ്റ്റഡിയില്‍ ആയ ആരതിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരതിയും വിവേകും തമ്മിൽ ഉണ്ടായിരുന് വ്യക്തിപരമായ പ്രശ്‌നങ്ങളാണു ബൈക്ക് കത്തിക്കാന്‍ കാരണമെന്നു പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നതാണ്. എന്നാല്‍ പിന്നീട് ചില കുടുംബപ്രശ്‌നങ്ങളാല്‍ ഈ വിവാഹം മുടങ്ങിപ്പോയി. തന്റെ ജീവിതം തകര്‍ത്ത പോലീസുകാരനോട് പ്രതികാരം ചെയ്യണമെന്ന കടുത്ത വൈരാഗ്യത്തിലാണ് കൂട്ടുകാരി ഗായത്രിയെയും കൂട്ടി ഈ കൃത്യം ചെയ്തത്.

ആറന്മുള പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ വിവേകിന്റെ ബൈക്ക് ശനിയാഴ്ച അര്‍ധരാത്രിയോടെയാണു കത്തിനശിച്ചത്. കൂടാതെ വിവേകിനെ ഭീഷണിപ്പെടുത്തുന്ന ഒരു കത്തും അവര്‍ അവിടെ വെച്ചു. കേസ് അന്വേഷണം വഴിതിരിച്ചുവിടാനായി കത്തില്‍ പ്രമുഖ ഒരു വിദ്യാര്‍ത്ഥി സംഘടനയുടെ പേരും ഇവര്‍ എഴുതിച്ചേര്‍ത്തിരുന്നു. മാത്രമല്ല, വിവേകിന്റെ വീടിന്റെ പടികളില്‍ കരിഓയില്‍ ഒഴിച്ച് വൃത്തികേടാക്കുകയും ചെയ്തു.

ആര്‍ച്ചല്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു യുവതികളെ പിടികൂടിയത്.