Spread the love

പെരുന്ന: ചങ്ങനാശേരി താലൂക്ക് യൂണിയനിൽ പെട്ട പായിപ്പാട് കിഴക്ക് 286 എൻ എസ് എസ് കരയോഗം തെരഞ്ഞെടുപ്പിൽ സുകുമാരൻ നായരെ പിന്തുണയ്ക്കുന്ന പാനലിലെ മുഴുവൻ പേരും പരാജയപ്പെട്ടു.

ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ജനറൽ സെക്രട്ടറിയെ പിന്തുണക്കുന്ന പാനലിന് സമ്പൂർണ്ണ പരാജയം നേരിടേണ്ടി വരുന്നത്.ഇനി കരയോഗം രജിസ്ട്രാർ തെരഞ്ഞെടുപ്പിന് അംഗീകാരം നൽകാതെ നീട്ടിക്കൊണ്ടു പോകുന്ന പതിവ് പരിപാടി സ്വീകരിച്ചാൽ തെരഞ്ഞെടുപ്പ് വിജയം കോടതി വഴി നേടാനാണ് ഇവരുടെ നീക്കം. സുകുമാരൻ നായർ വിരുദ്ധ പാനലിൽ മത്സരിച്ച 19 പേരും വിജയിച്ചത് സമുദായ നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് നൽകിയത്.

 

സംസ്ഥാന സർക്കാർ നടത്തിയ ശബരിമല ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്ത് വന്നതോടെ അദ്ദേഹത്തിനെതിരെ സമുദായത്തിൽ വലിയ എതിർപ്പുകളാണ് ഉണ്ടായത്. സുകുമാരൻ നായർക്കെതിരെ വിവിധ കരയോഗങ്ങൾ ഫ്ലക്സ് ബോർഡുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. കുടാതെ എൻഎൻഎസ് മോചന കർമ്മ സമിതി പെരുന്നയിലേക്ക് പ്രതിഷേധ മാർച്ചും നടത്തിയതും ശ്രദ്ധയമായി. കഴിഞ്ഞ ദിവസങ്ങളിൽ വൈക്കം ബോട്ട് ജെട്ടി മൈതാനത്ത് മന്നം ആത്മാഭിമാന സദസ്സും ആലപ്പുഴ വള്ളികുന്നത്ത് നായർ ഐകൃ വേദിയും സുകുമാരൻ നായർക്കെതിരെ വലിയ പ്രതിഷേധ സംഗമങ്ങളാണ് നടത്തിയത്.

എന്തായാലും സമുദായത്തിൻ്റെ പൊതുവികാരം സുകുമാരൻ നായർക്കെതിരെ തിരിഞ്ഞിരിക്കുന്നതിൽ സമുദായ നേതൃത്വം ആശങ്കയിലാണ്.