കോട്ടയം : കെ.എസ്.ആർ.റ്റി.സി. സ്റ്റേഷൻ മാസ്റ്ററുടെ പെൻഷൻ ആനുകൂല്യത്തിൽ നിന്നും ഈടാക്കിയ വായ്പാകുടിശ്ശിക യഥാസമയം സഹകരണ സംഘത്തിൽ അടയ്ക്കാതെ ജാമ്യക്കാരന്റെ ശമ്പളത്തിൽ നിന്നും റിക്കവറി നടത്തി പീഡിപ്പിക്കുന്ന നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ജാമ്യം നിന്ന കെ.എസ്.ആർ.റ്റി.സി. ഉദ്യോഗസ്ഥൻ കമ്മീഷനിൽ നൽകിയ പരാതിയിൽ അടിയന്തര പരിഹാരം കാണണമെന്നും ജാമ്യക്കാരനിൽ നിന്നും ഇതിനകം റിക്കവർ ചെയ്ത 16,000 രൂപ തിരികെ നൽകുന്നത് പരിശോധിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു.
കോട്ടയം പരിയാരം സ്വദേശിയും കെ.എസ്.ആർ.റ്റി.സി. യിൽ കണ്ടക്റ്ററുമായ വി. വി. വിനോദ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 ൽ സർവ്വീസിൽ നിന്നും വിരമിച്ച കുമളി സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്കാണ് പരാതിക്കാരൻ 3,00,000 രൂപയുടെവായ്പയെടുക്കാൻ ജാമ്യം നിന്നത്. കേരള സംസ്ഥാന ട്രാൻസ്പോർട്ട് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നുമാണ് വായ്പയെടുത്തത്. വായ്പയെടുത്തയാൾ തിരിച്ചടവ് മുടക്കിയതിനെതുടർന്നാണ് സൊസൈറ്റി ജാമ്യക്കാരിൽ നിന്നും തുക ഈടാക്കാൻ നടപടിയെടുത്തത്. വായ്പയെടുത്തയാളുടെ പെൻഷൻ ആനുകൂല്യത്തിൽ നിന്നും പിടിച്ചെടുത്ത തുക സഹകരണ സംഘത്തിൽ അടച്ചിട്ടില്ലെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
എന്നാൽ മുൻ സ്റ്റേഷൻ മാസ്റ്ററുടെ പെൻഷൻ ആനുകൂല്യത്തിൽ നിന്നും സഹകരണ സംഘത്തിലേക്ക് അടക്കാനുള്ള തുക പിടിച്ചെടുത്ത വിവരം കെ.എസ്.ആർ.റ്റി.സി. കമ്മീഷനെ അറിയിച്ചില്ല. പെൻഷൻ ആനുകൂല്യത്തിൽ നിന്നും ഈടാക്കിയ തുക സഹകരണ സംഘത്തിൽ അടച്ചിട്ടില്ലെന്ന് സൊസൈറ്റി സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്ന് കെ. ബൈജുനാഥ് കെ.എസ്.ആർ.റ്റി.സി. എം. ഡി. ക്ക് നിർദ്ദേശം നൽകി

