Spread the love

ന്യൂദല്‍ഹി : സിപിഐ യുടെ എതിര്‍പ്പ് വകവയ്ക്കാതെ കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയില്‍ (പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടു. സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് ആരോപിച്ച് സി.പി.ഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഇത്. വിവാദങ്ങളിലും ശബരിമല സ്വര്‍ണക്കവര്‍ച്ചയിലും വലയുന്ന സിപിഎമ്മിന് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയാണെന്ന് സിപിഐ കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇന്നലെ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കാനും സി.പി.എം ധാര്‍ഷ്ട്യത്തിന് കീഴ്‌പ്പെടരുതെന്നും തീരുമാനമെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. വാസുകി ഡല്‍ഹിയില്‍ ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കുകയായിരുന്നു. ഇതോടെ സി.പി.ഐ എന്തുനിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

പ്രധാനമന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ പദ്ധതി പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട 1500 കോടി ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംസ്ഥാനങ്ങള്‍.മുന്‍പ് പി.എം. ശ്രീ മന്ത്രിസഭ പരിഗണിച്ചെങ്കിലും സി.പി.ഐ മന്ത്രിമാരുടെ എതിര്‍പ്പ് കാരണം മുഖ്യമന്ത്രി എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവച്ചു.എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല,വിദ്യാഭ്യാസ വകുപ്പിനെ നടപടികളുമായി മുന്നോട്ടുപാേകാന്‍ അനുവദിക്കുകയും ചെയ്തു.പിഎം. ശ്രീയില്‍ ഒപ്പു വയ്ക്കാത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി കേന്ദ്രം കേരളത്തിനുള്ള ഫണ്ട് തടഞ്ഞിരുന്നു. 2022 – 27 കാലയളവിലേക്കുള്ള പദ്ധതിയാണ് പി.എം. ശ്രീ.