Spread the love

തിരുവനന്തപുരം: കനത്ത നാശനഷ്ടമാണ് ഇന്നലെ രാത്രിയിലെ തുലാമഴ മലയോര മേഖലയിൽ വരുത്തിയത്. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ പെയ്ത അതിതീവ്ര മഴയെ തുടർന്ന് നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലെ വെള്ളമിറങ്ങി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു. ജലനിരപ്പുയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ സ്ഫിൽവേയിലെ 13 ഷട്ടറുകളും തുറന്നു. കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ കുമളി, നെടുങ്കണ്ടം മേഖലകളിലാണ് മലവെല്ലപ്പാച്ചിലിൽ നാശനഷ്ടങ്ങളുണ്ടായത്.

അതേസമയം മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കിജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്.

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്.

വരും ദിവസങ്ങളിലും മഴ തുടരും. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ചും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.