Spread the love

byരാജു ആനിക്കാട്

Surya Political Desk

കോട്ടയം : പിണങ്ങി നിന്ന എൻഎസ്എസിനെ ഒപ്പം നിർത്തി മൂന്നാം ഭരണത്തിനുള്ള ഇടതു ഭരണത്തിന്റെ സ്ട്രാറ്റജിക്കൽ സ്ട്രൈക്ക് നടത്തിയത് വി എൻ വാസവൻ. ബാർകോഴ കേസിൽ അന്നത്തെ ഇടതു പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ മുഖം നഷ്ടപ്പെട്ട മാണി ഗ്രൂപ്പിനെ പാളയത്തിൽ എത്തിച്ചത് പോലെ ഒരു ഓപ്പറേഷൻ. ശബരിമല യുവതി പ്രവേശനത്തിലൂടെ പൂർണ്ണമായി അകന്ന സുകുമാരൻ നായരെ മെല്ലെ മെല്ലെ ഇടതു ക്യാമ്പിലേക്ക് അടുപ്പിക്കുകയായിരുന്നു.സ്കൂൾ നിയമനം – അംഗീകാരം ഉൾപ്പെടെ വിഷയങ്ങൾ എൻഎസ്എസിനെയും മൃദു സമീപനത്തിലേക്ക് നയിച്ചു.

കേരളത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ മേൽവിലാസമുള്ള കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതുപാളയത്തിൽ എത്തിച്ചത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പഞ്ചായത്ത് ഇലക്ഷനിൽ ആയിരുന്നു.അതിനുശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കോട്ടയത്ത് കരുത്തു കാട്ടാനും കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് അധികാരം ഇടതു മുന്നണിക്ക് ലഭിച്ചു. യുഡിഎഫ് തട്ടകമായ പാലാ നഗരസഭയിലും സിപിഎമ്മിന് അധികാര മധുരം പങ്കിടാൻ കഴിഞ്ഞു.

 

എങ്കിലും ശബരിമല വിഷയം കേരളത്തിലെ പ്രബല സമുദായമായ നായർ വിഭാഗത്തിൽ ഉണങ്ങാത്ത മുറിവ് സൃഷ്ടിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം സിപിഎം തിരിച്ചറിഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാളിതുവരെ ഇല്ലാത്ത വോട്ട് ചോർച്ച പാർട്ടിയെ തികച്ചും പ്രതിരോധത്തിലാക്കി. തന്ത്രങ്ങൾ പുനഃ പരിശോധിക്കേണ്ട കാലഘട്ടമെത്തിയെന്ന് നേതൃത്വം വിലയിരുത്തി.തുടർന്നാണ് എൻഎസ്എസു മായുള്ള പിണക്കം പരിഹരിക്കാൻ വിപുലമായ നീക്കം തുടങ്ങിയത്.

 

കോട്ടയത്തിന്റെ മന്ത്രി എന്ന നിലയിൽ വി എൻ വാസവനെ ഇതിൻറെ ചുമതല ഏൽപ്പിച്ചു.  പിന്നെ ഓരോ നീക്കവും സൂക്ഷ്മമായിരുന്നു. എൻഎസ്എസിന്റെ പത്തനാപുരം ഘടകത്തിലെ പ്രബലനായ ഗണേഷ് കുമാർ മന്ത്രിയാണെങ്കിലും ഈ ദൗത്യത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്ന നിലയിൽ വി എൻ വാസവൻ മാത്രമാണ് നിയന്ത്രിച്ചത്. അതിനിടയിൽ ശസ്ത്രക്രിയയെ തുടർന്ന് ഈ സുകുമാരൻ നായർ വിശ്രമിച്ചപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ സന്ദർശിക്കാൻ എത്തി.

ഇതിനിടെ കോൺഗ്രസ് ബിജെപിയെ നേതൃത്വങ്ങൾ എൻഎസ്എസുമായി പതിവു ബന്ധം മാത്രം കാത്തുസൂക്ഷിച്ചു. എൻഎസ്എസിന്റെ മാനസപുത്രനായ രമേശ് ചെന്നിത്തല നിലവിലുള്ള കോൺഗ്രസ് നേതൃത്വവുമായി അത്ര രസത്തിൽ അല്ലെന്നുള്ളതും എൻഎസ്എസിൻ്റെ നിലപാടിനെ സ്വാധീനിക്കാൻ ഇടതു ക്യാമ്പിന് സഹായകരമായി.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , കെ മുരളീധരൻ , രമേശ് ചെന്നിത്തല എന്നിങ്ങനെ കോൺഗ്രസിന്റെ മുൻനിര നേതാക്കളെല്ലാം തന്നെ എൻഎസ്എസ്  വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവരെല്ലാം സ്വമുദായമെന്ന ആത്മവിശ്വാസവും യുഡിഎഫ് നേതൃത്വത്തിന് വിനയായി.

 

പ്രതിപക്ഷ നേതാവായ വി.ഡി സതീശൻ അടുത്ത മുഖ്യമന്ത്രി എന്ന പ്രചരണത്തോട് എൻഎൻഎസിന് യോജിപ്പില്ല. സുകുമാരൻ നായരുടെ മനസിൽ രമേശ് ചെന്നിത്തല മാത്രമാണ്. രാഹൂൽ മാങ്കൂട്ടം വിഷയം കൈകാര്യം ചെയ്ത രീതിയിൽ സതീശനെതിരെ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പും എൻഎസ്എസ് തീരുമാനത്തെ സ്വാധീനിച്ച ഘടകമാണ്. സതീശൻ വിരുദ്ധതയുടെ പ്രകടമായ തെളിവായി സുകുമാരൻ നായരുടെ ചുവടു മാറ്റമെന്നും കാണാവുന്നതാണ്.

അയ്യപ്പ സംഗമം എന്ന പരിപാടി എൻഎസ്എസിനെ ഇടതു വേദിയിലേക്ക് കൊണ്ടുവരാനുള്ള നല്ല അവസരമായി സിപിഎം വിലയിരുത്തി.തുടർന്ന് വിശ്വാസികൾക്കെതിരെ അല്ല സിപിഎം ഭരണകൂടം എന്ന നിലപാട് ബോധ്യപ്പെടുത്തി. മൂന്നാം പിണറായി സർക്കാർ എന്ന സ്പനം പൂർത്തീകരിക്കാൻ ബിഡിജെഎസിനെ കൂടി മുന്നണിയിലെടുക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായാണറിവ്.