Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപനം വൈകിയതോടെ വലഞ്ഞ് വിദ്യാർത്ഥികൾ. സ്കൂളിൽ അതിരാവിലെ എത്തിയ കുട്ടികളെല്ലാം മടങ്ങിപ്പോയി. കളക്ടറുടെ വൈകിയുള്ള അവധി പ്രഖ്യാപനം പല സ്കൂൾ ബസുകളും പുറപ്പെട്ടതിന് ശേഷമായിരുന്നു ഉണ്ടായത്. രാത്രി മുഴുവൻ മഴ പെയ്തിട്ടും വിദ്യാഭ്യാസമന്ത്രി ഇടപെട്ട ശേഷമാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്.

അതേസമയം നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നുവെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും പറയുന്നു. കനത്ത മഴ തുടരുന്ന സാ​ഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

അതേസമയം കുറച്ചു കൂടി കഴിഞ്ഞിട്ട് പ്രഖ്യാപിച്ചാൽ മതിയായിരുന്നല്ലോ എന്ന് മാതാപിതാക്കൾ രോക്ഷാകുലരായി കളക്റ്ററുടെ ഫേസ്ബുക്ക് പേജിൽ ചോദിച്ചു. ഇപ്പോഴാണോ മാഡം ഉണർന്നത്.. ഇന്നലെ മുതൽ തുടങ്ങിയ മഴ ആണ്. രാത്രി മുഴുവൻ മഴ ആയിരുന്നു. കുട്ടികൾ എല്ലാം റെഡി ആയിട്ടു എന്തിനാ ഇപ്പൊ ഒരു അവധി.”. ഒരു രക്ഷിതാവ് തിരുവനന്തപുരം കലക്ടറുടെ ഫെയ്സ്ബുക് പേജിൽ കുറിച്ചു.