കോട്ടയം: കേന്ദ്രതലത്തില്‍ ദേവസ്വംബോര്‍ഡ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലാ മേവട പുറക്കാട്ട് ദേവീക്ഷേത്രം ആല്‍ത്തറയില്‍ നടത്തിയ കലുങ്ക് സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
.കേന്ദ്രതലത്തില്‍ ദേവസ്വംബോര്‍ഡ് പോലെ ഒരുസംവിധാനം വരുന്നതോടെ എല്ലാ ആരാധനാലയങ്ങളുടെയും പ്രവര്‍ത്തനം ഒരേരീതിയിലാകും. ഓപ്പറേഷന് സിന്ദൂര്‍ വിജയത്തിനുശേഷം ഏകീകൃത സിവില്‍കോഡ് വരുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അതിലും നമുക്ക് ഉറച്ചുവിശ്വസിക്കാം -സുരേഷ് ഗോപി പറഞ്ഞു.
എയിംസ് വന്നാല്‍ കേരളത്തിന്റെ തലയിലെഴുത്ത് മാറുമെന്നും അതിനായി തറക്കല്ലെങ്കിലും ഇടാതെ അടുത്തതവണ വോട്ട് ചോദിച്ച് ജനസമക്ഷം എത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായിക്കണം. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്നാണ് ആഗ്രഹം. ഇതിനായി സ്ഥലം അനുവദിക്കണമെന്ന് ക്ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു. അദ്ദേഹം എനിക്കൊപ്പം ഹെിലികോപ്ടറില് വന്നാല്‍ ആലപ്പുഴ ഉദയാ സ്റ്റുഡിേയായുടെ 300 ഏക്കറും അതിന് ചുറ്റുമായി അത്രതന്നെ സ്ഥലവും കാട്ടിക്കൊടുക്കാം. ഇവിടെ എയിംസ് വന്നാല്‍ തൊട്ടടുത്ത ജില്ലകള്‍ക്കും ഗുണമാകും. കുമരകത്തിന്റെ വിനോദസഞ്ചാരമേഖലയും വികസിക്കും. കുമരകം കടന്ന് കോട്ടയംവഴി മധുരവരെയുള്ളവര്ക്ക് എയിംസ് ഗുണകരമാകും- അദ്ദേഹം പറഞ്ഞു.
മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്ത പത്ത് പരാതികള്‍ ഓരോരുത്തരായി അവതരിപ്പിച്ചു. അദ്ദേഹം പരിഹാരങ്ങളും നിര്‍ദേശങ്ങളും നല്കി. പാലാ പൂവരണി പിഎച്ച്സി റോഡ് കരാറുകാര്‍ ഏറ്റെടുക്കാത്തതിനാല്‍ കാലങ്ങളായി നിര്‍മാണം മുടങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച വാര്‍ഡ് അംഗത്തിനോട്, പ്രധാനമന്ത്രി ഗ്രാം സഡക് യോജന പദ്ധതിയിലെ റോഡെന്ന് അറിഞ്ഞപ്പോള്‍ ‘എങ്കില്‍ ആ പരാതി ഞാനിങ്ങെടുക്കുകയാണെ”ന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരില്‍ 26-ന് നടക്കുന്ന നിശാ മീറ്റിങ്ങില്‍ പ്രശ്നം ചര്‍ച്ചചെയ്യാമെന്നും ഉറപ്പുനല്‍കി.സംസ്ഥാനത്ത് ഒന്നേകാല്‍ലക്ഷം ഹെക്ടര്‍ റബര്‍തോട്ടം വെട്ടുന്നില്ലെന്നതാണ് റബര്‍ കര്‍ഷകരുടെ പ്രതിനിധി അവതരിപ്പിച്ച വിഷയം.
റബറിന് കാര്‍ബണ്‍ ക്രെഡിറ്റ് നേടിയെടുക്കാന്‍ സഹായിക്കണമെന്നും കാര്ഷികവളിയാക്കണമെന്നും മുന്നോട്ടുവെച്ച നിര്‍ദേശത്തിന് മറുപടി നല്കാന് ഒപ്പമുള്ള റബര്‍ബോര്‍ഡ് അംഗമായ എന്‍. ഹരിയുടെ സഹായം മന്ത്രി തേടി. പ്രശ്നങ്ങള്‍ മന്ത്രി പീയൂഷ് ഗോയലിനോട് സൂചിപ്പിക്കുമെന്ന് മന്ത്രി ഉറപ്പും നല്കി.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ലാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, മേഖല പ്രസിഡന്റ് എന്‍. ഹരി, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ലാല്‍കൃഷ്ണ, എന്‍.കെ. ശശികുമാര്‍, ജില്ലാസെക്രട്ടറി സുദീപ്, ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ്, മണ്ഡലം പ്രസിഡന്റ് അനീഷ് എന്നിവര്‍ നേതൃത്വംനല്കി. തൃശ്ശൂര്‍ ജില്ലയ്ക്കുപുറത്ത് ആദ്യമാണ് ‘കലുങ്ക് സംവാദം നടത്തുന്നത്.

