Spread the love

മധ്യപ്രദേശ്: ഇൻഡോറിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രണ്ട് നവജാത ശിശുക്കളെ എലി കടിച്ചതിനെ തുടർന്ന് ഒരു കുട്ടി മരിച്ചു.

മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞയാഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കൾക്കുവേണ്ടിയുള്ള ഐസിയുവിൽവെച്ച് എലി കടിച്ചത്.  തുടര്‍ന്ന് രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്.ആശുപത്രിയിലെ നഴ്സിംഗ് സംഘം പരിക്കേറ്റ നവജാത ശിശുക്കളെ കണ്ടപ്പോൾ, അവർ ആശുപത്രി മാനേജ്‌മെന്റിനെ വിവരമറിയിച്ചു. തുടർന്ന് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഐസിയുവിൽ എലികളുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ആശുപത്രി വാർഡിൽ എലികൾ വിഹരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മരിച്ച പെൺകുട്ടിക്ക് 1.2 കിലോഗ്രാം ഭാരമുണ്ടായിരുന്നു.ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കുഞ്ഞാണ് മരിച്ചത്. 5-7 ദിവസം മാത്രം പ്രായമുള്ള ഈ പെണ്‍കുഞ്ഞിനെ അവളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചതാണെന്ന് ആശുപത്രി ഡീന്‍ ഡോ. അരവിന്ദ് ഘന്‍ഗോറിയ പറഞ്ഞു.

കുഞ്ഞ് മരണാസന്നയായി വെന്റിലേറ്ററിലായിരുന്നു. സെപ്റ്റിസീമിയ മൂലമാണ് കുഞ്ഞ് മരിച്ചതെന്നും എലി കടിച്ചതുകൊണ്ടല്ല മരിച്ചതെന്നും ഡോക്ടര്‍ പറയുന്നു. രണ്ടാമത്തെ കുഞ്ഞിന് ശസ്ത്രക്രിയ കഴിഞ്ഞു, ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായത്തില്‍ സുരക്ഷിതനാണെന്നും ഡോക്ടര്‍ പറഞ്ഞു.