Spread the love

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റം ആരോപണം ഉയര്‍ന്നതിനുപിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കേണ്ടി വന്ന രാഹുല്‍ മാങ്കുട്ടത്തിലിന്റെ എംഎല്‍എ പദം രാജിവയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും കോണ്‍ഗ്രസിന് പിടിവള്ളി കീഴ്‌വഴക്കം. രണ്ട് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്കും ഇടതുമുന്നണിയിലെ രണ്ടു എംഎല്‍എമാരും സമാനമായ ആരോപണ നിയമനടപടികളില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ രാജിവച്ചില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനു ശേഷം മുകേഷിനെതിരെ പരാതിയും പോലീസ് നടപടിയും വന്നപ്പോള്‍ പാര്‍ട്ടി തന്നെ കവചം തീര്‍ക്കുകയും ചെയ്തു. ആരോപണം വന്നാല്‍ രാജിവച്ചാല്‍ നിരപരാധിയായാല്‍ തിരിച്ചുവരാനാകില്ലെന്നായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറി എം ഗോവിന്ദന്റെ നിലപാട്. രാഹുലിന്റെ കേസില്‍ കെ. മുരളീധരനും സമാന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ വി.ഡി സതീശന്‍ വിട്ടുവീഴ്ച്ചയ്ക്കില്ല. എന്നാല്‍ പരാതിയും കേസും വന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുലിനെ പാര്‍ട്ടി കൈവിട്ടേക്കും.

കോണ്‍ഗ്രസിന്റെ തന്നെ രണ്ട് എംഎല്‍എമാര്‍ക്കെതി നേരത്തേ സ്ത്രീകളോടുള്ള അതിക്രമപരാതി ഉയര്‍ന്നിരുന്നു. രണ്ടും പോലീസില്‍ കേസായും മാറി. എം. വിന്‍സന്റ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവരുടെ പേരിലുള്ള പരാതികളായിരുന്നു ഇത്. ഇരുവരും എംഎല്‍എസ്ഥാനം രാജിവെച്ചിട്ടില്ല. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എം. മുകേഷ് എംഎല്‍എയുടെപേരിലും സമാനപരാതിയും കേസും ഉണ്ടായി. അന്നും രാജിവച്ചില്ല.

കഴിഞ്ഞ ഇടതു സര്‍ക്കാരില്‍ സി പി എമ്മിലെ വനിതാ നേതാവ് പി.കെ. ശശിക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച പരാതി, പുറത്തുപറയാന്‍ യുവതി തയ്യാറായില്ല. പാര്‍ട്ടി അന്വേഷണകമ്മിഷനെ നിയോഗിക്കുകയുംചെയ്തു.മന്ത്രിമാരായിരുന്നവര്‍ക്കുനേരെ സ്ത്രീകള്‍ ആരോപണവും പരാതിയും ഉന്നയിച്ചപ്പോഴും മന്ത്രിസ്ഥാനം രാജിവെക്കുക മാത്രമാണ് ഉണ്ടായത്. എ.കെ. ശശീന്ദ്രന്‍, പി.ജെ. ജോസഫ്, നീലലോഹിതദാസ്, ജോസ് തെറ്റയില്‍ എന്നിവരും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല.