കോട്ടയം: കോട്ടയത്തും തിരുവനനന്തപുരത്തും തര്‍ക്കം. ഇതോടെ ഡിസിസി പുന: സംഘടന വഴിമുട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി പുന: സംഘടന നടപ്പാക്കാനുളള ശ്രമത്തിനിടെയാണ് സംഘടനാ തലത്തില്‍ തന്നെ തര്‍ക്കം രൂക്ഷമായത്. കോട്ടയത്ത് എ വിഭാഗം ഫില്‍സണ്‍ മാത്യൂസിനെയും രമേശ് ചെന്നിത്തല വിഭാഗം ഫിലിപ്പ് ജോസഫിനെയും പിന്തുണയ്ക്കുന്നു. നിലവിലുളള പ്രസിഡന്റ് നാട്ടകം സുരേഷ് ആകട്ടെ എ ഗ്രൂപ്പിലെ തിരുവഞ്ചൂര്‍ പക്ഷക്കാരനാണ്. ഒരു പേരിലേക്ക് ചര്‍ച്ച ചുരുങ്ങാത്തതിനാല് സമവായ സ്ഥാനാര്‍ഥിയായി കെ.സി ജോസഫോ, അഡ്വ. സിബി ചേനപ്പാടി, ചാണ്ടി ഉമ്മന്‍ എന്നീ പേരുകളും ഉയരുന്നുണ്ട്. എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിന് ഉണര്‍വ് പകരാനും യുഡിഎഫിന് പുതിയ മുഖം നല്‍കാനും ചാണ്ടി ഉമ്മന്റെ പേരാണ് അണികള്‍ മുന്നോട്ടുവയ്ക്കുന്നത്.എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മുന്‍ ഉപാധ്യക്ഷന്‍കൂടിയായ ഫില്‍സണ്‍ പ്രതിപക്ഷ നേതാവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്.തര്‍ക്കം മുറുകിയാല്‍ നിലവിലുള്ള പ്രസിഡന്റ് നാട്ടകം സുരേഷ് തന്നെ തുടരട്ടെയെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ കോട്ടയത്ത് എത്തിയപ്പോള്‍ ചര്‍ച്ച നടന്നുവെങ്കിലും ധാരണയായില്ല. കോട്ടയം തിരുവനന്തപുരം ജില്ലകളില്‍ ഒന്നില്‍ ഐ വിഭാഗം നോട്ടമിട്ടതോടെയാണ് ചര്‍ച്ചകള്‍ പാളിയത്.
തിരുവനന്തപുരത്ത് പാലോട് രവി ഒഴിവായ സ്ഥാനത്ത് എന്‍. ശക്തനെ താത്കാലികമായി നിയമിച്ചിരുന്നു. ചെമ്പഴന്തി അനിലിന്റെ പേരാണ് പ്രധാനമായും പരിഗണനയിലുള്ളത്. കോട്ടയത്തിന് സമാനമാണ് ഇവിടെയും സ്ഥിതി. അനിലിന്റെ പേരില്‍ സമവായമായിട്ടില്ല. ശക്തന് തുടരട്ടെയെന്ന നിലപാടാണ് ജില്ലയില്‍നിന്നുള്ള എംപിമാരായ ശശി തരൂരും അടൂര്‍ പ്രകാശുമെടുത്തത്. ശരത്ചന്ദ്രപ്രസാദിന്റെ പേരും സജീവ പരിഗണയിലുണ്ട്.
സാമൂഹികസമവാക്യങ്ങള്‍ പാലിക്കേണ്ടതിനാല്‍ തര്‍ക്കമുള്ള ഡിസിസികള്‍ മാറ്റിവെച്ച് ബാക്കിയുള്ളയിടത്തുമാത്രം പുനഃസംഘടന നടത്തുക പ്രായോഗികമല്ല. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറുന്നവരെ കെപിസിസി തലത്തിലേക്ക് കൊണ്ടുവരാനാണ് ധാരണ. നേരത്തേ ഒഴിവാക്കപ്പെട്ടവര്‍ക്കും സ്ഥാനങ്ങള്‍ നല്‍കാനുണ്ട്. ഇതെല്ലാം ഒരു പാക്കേജായി ചെയ്യാനാണ് ശ്രമം.
സംസ്ഥാന നേതൃത്വം ഡല്‍ഹിയിലെത്തി എംപിമാരുമായും ദേശീയനേതൃത്വവുമായും പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. സമവായ പട്ടികയാകാത്തതിനാല് സംസ്ഥാനത്ത് വീണ്ടും ചര്‍ച്ച നടത്തി പേരുകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. എന്നാല്‍, ഇക്കാര്യത്തില്‍ ധാരണയിലെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

