ന്യൂഡല്‍ഹി: ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ ജീവനക്കാരെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് ജമ്മു കശ്മീര്‍ പോലീസ് കരസേന ലെഫ്റ്റനന്റ് കേണലിനെതിരെ കേസെടുത്തു. അന്വേഷണത്തിന് സൈന്യം ‘പൂര്‍ണ്ണ സഹകരണം’ നല്‍കുമെന്ന് അറിയിച്ചിട്ടുമുണ്ട്..ഗുല്‍മാര്‍ഗിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് വാര്‍ഫെയര്‍ സ്കൂളില്‍ നിയമിതനായ ലെഫ്റ്റനന്റ് കേണല്‍ റിതേഷ് കുമാര്‍ സിങ്ങിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ 115(2), 126(2), 351(2), 131 എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് സ്റ്റേഷനില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു
ഡല്‍ഹിയിലേക്ക് പോകുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെടുന്നതിന് രണ്ടു മിനിറ്റ് മുമ്പ് ബോര്‍ഡിംഗ് ഗേറ്റിനു മുന്നിലാണ് കേണല്‍ പ്രകോപിതനായത്. അനുവദനീയമായ പരിധിയുടെ ഇരട്ടിയിലധികം ഭാരമുള്ള ക്യാബിന് ബാഗേജുമായി ആരോപണവിധേയനായ ഉദ്യോഗസ്ഥന് വന്നതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു. അധിക ലഗേജിന് പണം നല്‍കണമെന്ന എയര്‍ലൈന്‍ ജീവനക്കാരുടെ നിര്‍ദ്ദേശം നിരസിച്ചു തുടര്‍ന്ന്. സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ച് ബോര്‍ഡിംഗ് പൂര്‍ത്തിയാക്കാതെ ബലമായി വിമാനത്തിലേക്ക് പ്രവേശിക്കുന്നതിനുളള എയ്റോബ്രിഡ്ജില്‍ കടന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് മടക്കി കൊണ്ടുപോകുന്നതിനിടെ ആക്രമണകാരിയായി മാറുകയും നാല് സ്പൈസ്ജെറ്റ് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.
”ജൂലൈ 26 ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഒരു സൈനിക ഉദ്യോഗസ്ഥനും എയര്‍ലൈന്‍ ജീവനക്കാരും തമ്മില്‍ നടന്നതായി ആരോപിക്കപ്പെടുന്ന വാക്കേറ്റം ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അച്ചടക്കത്തിന്റെയും പെരുമാറ്റത്തിന്റെയും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ഇന്ത്യന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണ്, ആരോപണങ്ങളും ഗൗരവമായി കാണുന്നു.” കേസ് അന്വേഷിക്കുന്നതില്‍ അധികാരികള്‍ക്ക് ”പൂര്‍ണ്ണ സഹകരണം”നല്‍കും- കരസേന പത്രക്കുറിപ്പില്‍ അറിയിച്ചു.

