വെടിനിര്‍ത്തലിനിടെ തെക്കന്‍ ഇറാനില്‍ യുഎസ് സൈന്യത്തിന്റെ ആക്രമണം
തെക്കന്‍ ഇറാനില്‍ യുഎസ് സൈന്യത്തിന്റെ ആക്രമണം. വെടിനിര്‍ത്തല്‍ നിലനില്‍ക്കേയാണിത്. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ച ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈല്‍ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കന്‍ സൈനികര്‍ക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ഈ നീക്കമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിരിക്കാന്‍ ശ്രമിച്ച രണ്ട് ഐആര്‍ജിസി ബോട്ടുകളും അമേരിക്കന്‍ യുദ്ധവിമാനങ്ങളെ ലക്ഷ്യം വെച്ച ബന്ദര്‍ അബ്ബാസിലെ മിസൈല്‍ കേന്ദ്രവുമാണ് തകര്‍ത്തത്.
അതേസമയം ഈ ആക്രമണം നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമോ അതിന്റെ അവസാനമോ അല്ലെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണം പരിമിതമായ തോതില്‍ മാത്രമുള്ളതാണെന്നും ഇത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെത്തുടര്‍ന്ന് ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക് എന്നിവിടങ്ങളില്‍ വലിയ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

