കോതമംഗലം : മാതിരപ്പിള്ളിയിൽ യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവത്തില്‍ പെണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍. മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകന്‍ അന്‍സില്‍ (38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു മരണം.
തനിക്ക് പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി വിഷം നല്‍കിയെന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞിരുന്നു. മാലിപ്പാറയിലെ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍വെച്ചാണ് അന്‍സിലിന്‍റെ ഉള്ളില്‍ വിഷംചെന്നത്. പീഡനക്കേസിലെ അതിജീവിതയാണ് പ്രതിയായ യുവതി.
സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട്, മാലിപ്പാറ സ്വദേശിനിയായ 30കാരിയെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്.
യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

