Spread the love

ബെംഗളൂരു: ദിവസങ്ങള്‍ക്ക് മുൻപ് ബെംഗളൂരുവില്‍ നിന്ന് കാണാതായ 13 വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ വിജനമായ പ്രദേശത്ത് നിന്ന് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ എന്നിവരെ വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റു ചെയ്തു. ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.

പ്രതികള്‍ ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങിയ നിശ്ചിതിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. എട്ടുമണിയായിട്ടും നിശ്ചിത് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്താത്തതിനാല്‍ മാതാപിതാക്കള്‍ ട്യൂഷന്‍ ടീച്ചറെ ബന്ധപ്പെട്ടു. എന്നാൽ ട്യൂഷന്‍ കഴിഞ്ഞ് നിശ്ചിത് മടങ്ങിയതായി ടീച്ചര്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ മകനായുള്ള തിരച്ചില്‍ ആരംഭിച്ചു.

അതേസമയം നിശ്ചിതിന്റെ സൈക്കിള്‍ ഒരു പാര്‍ക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പരാതി നല്‍കി അധികം വൈകാതെ തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായും വിട്ടയയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന് ഫോണ്‍ കോള്‍ ലഭിച്ചത്. ഇതനുസരിച്ച് തട്ടിക്കൊണ്ടുപോകലിന് ഹൂലിമാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു.

കുട്ടിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് നിശ്ചിതിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചു.