കോട്ടയം: ഏറ്റുമാനൂര്‍ പോലീസ് നടത്തിയത് ഗുണ്ടായിസമെന്ന് ആരോപിച്ച് സുപ്രികോടതിയിലെ പ്രമുഖ അഭിഭാഷകന്‍ എം.ആര്‍ അഭിലാഷ്. ഏറ്റുമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് യുവാവിനെ തല്ലി ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ചത്തീസ്ഗഢ്ില്‍ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അഭിലാഷ് ഇക്കാര്യം പരാമര്‍ശിച്ചത്.
‘ആരുടെയെങ്കിലും കംപ്ലെയിന്റിനു പിന്നാലെ പിടിച്ച് ജയിലില്‍ അടയ്ക്കുകയെന്ന് പറഞ്ഞാല്‍ എങ്ങനെയാണ്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ കണ്ടതാണ്. കേരളം മുഴുവന്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണ്. ബസ് തടഞ്ഞു നിര്‍ത്തി ഒരു യുവാവ് എന്തോ ചോദിക്കുന്നു. എന്തോ അനീതി സംഭവിച്ചു അത് ചോദിക്കുകയാണ് അസഭ്യം പറയുകയല്ല.’
‘പെട്ടെന്ന് പോലീസ് അങ്ങോട്ട് വരുന്നു. നാലഞ്ചുഗുണ്ടകളെ പോലെ പോലീസ് ചാടിയിറങ്ങുന്നു. അയാളെ എടുത്ത് ഇടിച്ച് കൈകാര്യം ചെയ്ത് പോലീസ് ജീപ്പിലേക്ക് വലിച്ചെറിയുന്നു. ഇതാണോ പോലീസ് ചെയ്യേണ്ടത്. പോലീസ് ഒരു ക്രൈം സീനില്‍ ചെന്നാല്‍ സത്യം എന്തെന്ന് മനസിലാക്കണം’.
മാര്‍ച്ച് 20നാണ് ഏറ്റുമാനൂര്‍ എസ് എച്ച് ഒയുടെ നേതൃത്വത്തില്‍ പോലീസ് ചെറുപ്പക്കാരനെ നടുറോഡിലിട്ട് തല്ലി ചതച്ചത്. അപരിഷ്‌കൃത സമൂഹത്തില്‍ നടക്കുന്ന പോലീസ് നടപടിക്കു സമാനമായ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മകനു നേരെ നടന്ന പോലീസ് ആക്രമണം അന്നു തന്നെ പിതാവും കിടങ്ങൂര്‍ പഞ്ചായത്ത് സെക്രട്ടറിയുമായ രാജീവ് മാധ്യമങ്ങളെ അറിയിച്ചുവെങ്കിലും റിപ്പോര്‍ട്ട് ചെയ്തില്ല. അതിനിടെ പോലീസ് ആകട്ടെ യുവാവിനെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് പ്രചരിപ്പിച്ചു രംഗത്തു വന്നു. ഈ പോലീസ് പ്രചാരണത്തെ കണ്ണടച്ചു വിശ്വസിച്ച് മനുഷ്യാവകാശ ലംഘന വാര്‍ത്ത പലരും മുക്കി.ക്രിമിനല്‍ കേസ് പ്രതിക്കും മനുഷ്യാവകാശമില്ലേ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്,
തുടര്‍ന്ന് പോലീസ് അന്വേഷണ ഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ പ്രകാരം എടുത്ത് തങ്ങള്‍ നീതിയ്ക്കായുളള പോരാട്ടം നടത്തുകയായിരുന്നുവെന്ന് രാജീവ് കഴിഞ്ഞ ദിവസം സൂര്യാന്യൂസ് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. രാജീവും ജനറല്‍ ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ടായ മാതാവ് മായയും മകന്‍ നേരിടേണ്ടി വന്നെ മര്‍ദനം അടയാളപ്പെടുത്തിയ ചിത്രങ്ങളും മാധ്യമങ്ങള്‍ക്ക് കൈമാറി. രാജീവ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ വ്യാജമാണെന്ന തരത്തിലായിരുന്നു പോലീസിന്റെ തുടര്‍ പ്രചാരണം.ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണെന്നാണ് പോലീസ് ആരോപിക്കുന്നത്.
ഏറ്റുമാനൂരില്‍ വര്‍ഷങ്ങളായി വിവാദത്തിലായി കുപ്രസിദ്ധ ബസ് സര്‍വീസിലെ ഡ്രൈവര്‍ യുവാവിനെ ഇടിച്ചിടാന്‍ നോക്കിയതാണ് പ്രകോപന കാരണമായത്. ഇക്കാര്യം ചോദ്യം ചെയ്തപ്പോഴാണ് നിന്നെ കാണിച്ചു തരാമെന്ന് പറഞ്ഞ് പോലീസിനെ വരുത്തിയത്. പ്രസ്തുത ബസ് സര്‍വീസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഇടിച്ച് ഇട്ടത് നേരത്തെ വലിയ വിവാദമായിരുന്നു.

