ഏഴംകുളം: പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ സ്ഥാപന നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. പെൺകുട്ടി അന്തേവാസിയായിരുന്ന കാലത്ത് ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടി ഗർഭിണിയായി എന്നത് മറച്ചുവെക്കാൻ വേണ്ടിയാണ് മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു.
അനാഥാലയ നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയായ പെൺകുട്ടിയെ കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം രണ്ടാം തീയതി കുട്ടി പ്രസവിച്ചു. പെൺകുട്ടി ഗർഭിണിയായത് പ്രായപൂർത്തിയാകും മുൻപാണെന്നും, അത് മറച്ചുവയ്ക്കാൻ സ്ഥാപന നടത്തിപ്പുകാരി വളരെ വേഗം വിവാഹം നടത്തിയതാണെന്നും പരാതി ഉയർന്നിരുന്നു. രേഖാമൂലം കിട്ടിയ പരാതി സിഡബ്ല്യൂസി പൊലീസിന് കൈമാറുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അനാഥാലയ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തത്. നടത്തിപ്പുകാരിയുടെ മകൻ യുവതിയെ വിവാഹം കഴിച്ച് എട്ടാം മാസമാണ് പെൺകുട്ടി പ്രസവിച്ചത്. അതേസമയം യുവതി പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായിരുന്നുവെന്ന് സിഡബ്ല്യുസിയുടെ റിപ്പോർട്ടു പ്രകാരമായിരുന്നു അടൂർ പൊലീസ് പോക്സോ കേസെടുത്തിരുന്നത്.
അതേസമയം അന്തേവാസിയായ മറ്റൊരു പെൺകുട്ടിയെ മുറ്റം വൃത്തിയാക്കിയില്ലെന്ന പേരിൽ മർദിച്ച പരാതിയിൽ അനാഥാലയത്തിന്റെ നടത്തിപ്പുകാരിക്കെതിരെയും കേസെടുത്തു.

