Spread the love

കോട്ടയം: പുലരികള്‍ക്ക് രാമകഥ തിലകം ചാര്‍ത്തുന്ന കര്‍ക്കടകം വരവായി. കോട്ടയം ജില്ലയിലെ പ്രസിദ്ധമായ നാലമ്പലത്തില്‍ ഭക്തരെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

രാമപുരത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളിലാണ് നാലമ്പല തീര്‍ഥാടന കേന്ദ്രം. ദര്‍ശനത്തിന് 17ന് തുടക്കമാകും. ഒരേ ദിവസം ഉച്ചപൂജയ്ക്കുമുമ്പ് നാല് ക്ഷേത്രങ്ങളിലും ദര്‍ശനം പൂര്‍ത്തിയാക്കുന്നതാണ് പൂര്‍വികാചാര പ്രകാരമുള്ള നാലമ്പല ദര്‍ശനം. ആചാരവിധി പ്രകാരം ഉച്ചപൂജയ്ക്ക് മുന്‍പ് ദര്‍ശനം നടത്താന്‍ അനുയോജ്യമായ കേന്ദ്രം എന്ന നിലയിലാണ് രാമപുരത്തെ ക്ഷേത്രങ്ങളുടെ സവിശേഷത. രാമപുരം ടൗണിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തുടര്‍ന്ന് കുടപ്പുലം ലക്ഷ്മണസ്വാമി, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമിക്ഷേത്രം എന്നിവിടങ്ങളിലെത്തി തിരികെ ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്നതോടെയാണ് നാലമ്പലദര്‍ശനം പൂര്‍ണമാകുന്നത്.

പുലര്‍ച്ച അഞ്ച് മുതല്‍ 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയുമാകും ദര്‍ശനം. നാലമ്പല ദര്‍ശനത്തിന് എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും നാലമ്പല ദര്‍ശന കമ്മിറ്റിയും തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളും പാര്‍ക്കിങ് ഉള്‍പ്പെടെ മറ്റ് ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ഇന്‍ഫര്‍മേഷന്‍ സെന്ററുകളും വളന്റിയര്‍മാരുടെ സേവനവും നാല് ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഭരതക്ഷേത്രത്തില്‍ ദിവസവും അന്നദാനവും ഉണ്ടാകും