ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിന്നിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് രശ്മി സുകുമാരൻ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അതേസമയം ഇന്നലെ രാവിലെ കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം. കൂടാതെ ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു.
കൊവിഡിന് ശേഷമാണ് കെട്ടിട നിർമാണ കരാറുകാരനായ വിഷിണുവിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായത്. ഇതിനിടയിലാണ് ഇരുവരും ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെടുന്നത്. ഇരുവരും പലിശ നൽകുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ചില യുവാക്കൾ ഇന്നലെ ഇവരുടെ വീട്ടിലെത്തി ഭീഷണി ഉയർത്തിയത്.
കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു ദമ്പതികളുടെ മൃതദേഹം.മരുന്ന് കുത്തിവച്ചാണ് വിഷ്ണുവും രശ്മിയും മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

