Spread the love

‘ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ, അച്ഛനാണത്രേ അച്ഛൻ. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്‌തിപ്പെടുത്തുമായിരുന്നു എന്‍റെ പൊന്നമ്മച്ചി’ – മലയാളിയെ ചിരിപ്പിച്ച മണവാളൻ, കല്യാണ വീടുകളിലെ പ്യാരി, , നായകനേക്കാൾ കയ്യടി വാങ്ങിയ കണ്ണൻ സ്രാങ്ക്.

പല വട്ടം നമ്മെ പൊട്ടിച്ചിരിപ്പിക്കുകയും പൊട്ടിക്കരയിക്കുകയും ചെയ്ത സലിം വരും വരാഴികകള്‍ നോക്കാതെ ആരുടെ മുന്നിലൂം അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ മടിയില്ലാത്ത ഒരാളായിരുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ തുടക്കമിട്ട സലിം അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു, പെരുമഴക്കാലം എന്നീ സിനിമകളില്‍ ഉള്‍ക്കാമ്പുളള കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ വിസ്മയിപ്പിച്ച മഹാനടൻ തന്നെയാണ്.

നെടുമുടി വേണുവിനും തിലകനും ഉര്‍വശിക്കും മഞ്ചു വാര്യര്‍ക്കും നിഷേധിക്കപ്പെട്ട മികച്ച നടനുളള ദേശീയ പുരസ്‌കാരം സലിമിനെ തേടിയെത്തിയപ്പോള്‍ അത് കാലത്തിന്റെ കാവ്യനീതിയായി മാറി. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയതിനെത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം അഭിനയലോകത്തുനിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മുന്നൂറിലധികം ചിത്രങ്ങളിലൂടെ മലയാളിമനസിനെ കീഴടക്കിയ താരത്തിന്റെ ഈ വിയോഗം ചലച്ചിത്രലോകത്തിനും ആരാധകര്‍ക്കും തീരാനോവായി.

2010 ൽ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അർഹനായി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി. 2013 ൽ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കി.