കോട്ടയം: കോട്ടയത്തെ നടുക്കിയ കൂരോപ്പട കൂട്ടആത്മഹത്യാ ശ്രമത്തിൽ മരണസംഖ്യ നാലായി. ചിറപ്പുറത്ത് തോമസിന്റെ ഇളയ മകൻ അലൻ തോമസ് (12) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
ഇതോടെ ഒരു കുടുംബത്തിലെ നാലുപേർ ഓർമ്മയായി. കഴിഞ്ഞ ദിവസങ്ങളിലായി അലന്റെ പിതാവ് തോമസ് ഏബ്രഹാം (50), മാതാവ് ജോസ്‌ന (42), മറ്റക്കര എൻ.എസ്.എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ മൂത്ത സഹോദരി മരിയ തെരേസ എന്നിവർ മരണപ്പെട്ടിരുന്നു. ഇവരുടെ വിയോഗത്തിന് തൊട്ടുപിന്നാലെയാണ് വീട്ടിലെ ഏക ആൺതരിയും മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ജൂലൈ 13-നായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം പുറത്തറിയുന്നത്. മണ്ണൂർപള്ളി – പൂവത്തിളപ്പ് റോഡിലെ മറ്റപ്പള്ളി ജങ്ഷന് സമീപമുള്ള വീട്ടിൽ തോമസിനെയും കുടുംബത്തെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ജോസ്നയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് സഹോദരൻ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നാലുപേരെയും വീടിനുള്ളിൽ വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. വിദഗ്ദ്ധ പരിശോധനയിലാണ് ഇവർ വീര്യമേറിയ കീടനാശിനി ഉള്ളിൽക്കഴിച്ചതാണെന്ന് സ്ഥിരീകരിച്ചത്.
കുടുംബം അനുഭവിച്ചിരുന്ന കടുത്ത സാമ്പത്തിക ബാധ്യതകളാണ് ഇവരെ ഈ തീവ്ര തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു മരണപ്പെട്ട ജോസ്ന. ഇവർ പ്രാദേശികമായി നടത്തിയിരുന്ന സ്വകാര്യ ചിട്ടികളുമായി ബന്ധപ്പെട്ട് വൻ തുകയുടെ ബാധ്യതകൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു.
സംഭവത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാമ്പാടി പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായി ഒരു കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ദുരന്തത്തിന്റെ ഞെട്ടലിലാണ് ളാക്കാട്ടൂർ ഗ്രാമം.

