Spread the love

പാലാ കേരള രാഷ്ട്രീയത്തിലെ മുന്നണി ബന്ധം മാറ്റിമറിയ്ക്കുമോ. അടുത്ത ഭരണം പിടിക്കാന്‍ അണിയറ ചര്‍ച്ചകള്‍ സജീവം, പിന്തുണയ്ക്ക് ഉപാധിവച്ച് കേരള കോണ്‍ഗ്രസ് എം

കോട്ടയം : പാലാ നഗരസഭയിലെ അവിശ്വാസത്തില്‍ സ്വതന്ത്ര മുന്നണിയിലെ ചെയര്‍പേഴ്‌സണ്‍ ദിയ പുളിക്കക്കണ്ടം നേതൃത്വം നല്‍കിയ ഭരണസമിതി പോയതോടെ അടുത്ത നീക്കത്തിലേക്ക് കോണ്‍ഗ്രസും എല്‍ഡിഎഫും. കേരള കോണ്‍ഗ്രസ് എം നിയന്ത്രണത്തിലുളള എല്‍ഡിഎഫാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസത്തെ യുഡിഎഫ് വിമതയായി മത്സരിച്ചു വിജയിച്ച മായാ രാഹുലും നാലു യുഡിഎഫ് കൗണ്‍സിലര്‍മാരും പിന്തുണയ്ക്കുകയായിരുന്നു. വിപ്പ് ലംഘിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കി.

ഇതോടെ അടുത്ത ഭരണം പിടിക്കാനുളള നീക്കത്തിന് അണിയറ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് തന്നെ ഭരണം പിടിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ സ്വതന്ത്ര ബ്ലോക്കിനെ വീഴ്ത്തിയതില്‍ മണ്ഡലം കമ്മറ്റിയും ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും രണ്ടു തട്ടിലായതോടെ ഇക്കാര്യത്തില്‍ യോജിച്ചുളള നീക്കം ഇനി സാധ്യമാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതേ സമയം പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയ കൗണ്‍സിലര്‍മാര്‍ ഇടതുമുന്നണിയെ പിന്തുണച്ചാല്‍ ചിത്രം മാറും. കേരള കോണ്‍ഗ്രസ് എം വീണ്ടും പാലാ ഭരണം പിടിക്കും.

യുഡിഎഫിന് ഭരണത്തിലേറാനുളള വഴികളും തുറന്നിട്ടിരിക്കുകയാണ്. പത്ത് അംഗങ്ങളുളള കേരള കോണ്‍ഗ്രസ് എം പിന്തുണച്ചാല്‍ യുഡിഎഫിന് ഭരിക്കാം. എന്നാല്‍ ഇതിനോട് കേരള കോണ്‍ഗ്രസ് ജോസഫ്, മാണി സി കാപ്പന്‍ വിഭാഗം എതിര്‍പ്പിലാണ്. മാണിഗ്രൂപ്പിന് യുഡിഎഫില്‍ വീണ്ടും എത്താനുളള വാതില്‍ തുറക്കാലാകും ഇതെന്നാണ് കണക്കുകൂട്ടല്‍. അതിനോട് യോജിക്കാന്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുവര്‍ക്കും കഴിയില്ല.

അതേസമയം കോണ്‍ഗ്രസിനെ ഉപാധികളോടെ പിന്തുണയ്ക്കാന്‍ കേരള കോണ്‍ഗ്രസ് എം തയാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള കോണ്‍ഗ്രസ് ജോസഫ്, മാണി സി കാപ്പന്‍ വിഭാഗം കൗണ്‍സിലര്‍മാരുടെ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ പദം ഒഴിവാക്കണമെന്നാണ് പ്രധാന ഡിമാന്റ്.

 

പക്ഷേ അത്തരമൊരു നീക്കം സിപിഎമ്മുമായി ഉള്ള ബന്ധം വഷളാക്കും. കോൺഗ്രസുമായി കൈ കൊടുക്കുന്നതിനോട് സിപിഎം നയിക്കുന്ന ഇടതുമുന്നണി യോജിക്കാൻ ഇടയില്ല. ഇത് ഫലത്തിൽ എൽഡിഎഫിന് ഉള്ള വഴി പിരിയൽ ആവും

 

യുഡിഎഫ് ഭരണത്തെ പിന്തുണയ്ക്കുന്നത് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണിയില്‍ നിന്നുളള തിരിച്ചിറക്കമായിരിക്കും. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ എല്‍ഡിഎഫ് വിടണമെന്ന നിലപാടിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിലെ വലിയ വിഭാഗം. കനത്തപരാജയത്തോടെ പാര്‍ട്ടി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഒറ്റമൂലി ചികിത്സ കൂടിയേ തീരൂ.കൂടാതെ പാര്‍ട്ടി ചെയര്‍മാന്റെ രാജ്യസഭാ കാലവധി കഴിയുന്നതിന് മുമ്പ് ഒരു അക്കോമോഡേഷന്‍ അനിവാര്യമാണ്.പാലാ കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവാകുമോ എന്നാണ് അറിയാനുളളത്.

പാലാ സീറ്റ് നേടുക എന്ന ജോസ് കെ മാണിയുടെ ലക്ഷ്യത്തിന് വിഘാതമായിട്ടുള്ളത് മാണിസി കാപ്പൻ ആണ്. കഴിഞ്ഞ രണ്ടുതവണയും ജോസ് കെ മാണിയെ പരാജയപ്പെടുത്തിയത് മാണിസി കാപ്പനാണ്. കാപ്പൻ യുഡിഎഫ് മന്ത്രിസഭയിൽ എത്തുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഒറ്റ എംഎൽഎ ഉള്ള പാർട്ടിക്ക് മന്ത്രിസ്ഥാനം രണ്ടര വർഷത്തേക്ക് വെട്ടിക്കുറച്ചതോടെ കാപ്പൻറെ മന്ത്രിസഭാ പ്രവേശനം തുലാസിൽ ആയി. കാപ്പനെ മന്ത്രിസഭയിൽ എത്തിക്കാതിരിക്കുക എന്നതാണ് കേരള കോൺഗ്രസ് എം ഗ്രൂപ്പിൻറെ മറ്റൊരു പ്രധാന ലക്ഷ്യം. പാലായിലെ യുഡിഎഫ് ഭരണത്തിലുള്ള ഉപാധി പിന്തുണയ്ക്ക് ഇതും മുന്നോട്ടു വച്ചിട്ടുണ്ടെന്നുള്ളതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നത്