പ്രമുഖ വചന പ്രഘോഷകനും സീറോ മലബാര്‍ സഭ ലിറ്റര്‍ജി പണ്ഡിതനുമായ ഡോ. സോണി തെക്കും മുറിയില്‍ അന്തരിച്ചു
കോട്ടയം: പ്രമുഖ വചന പ്രഘോഷകനും സീറോ മലബാര്‍ സഭ ലിറ്റര്‍ജി പണ്ഡിതനും കോട്ടക്കപുറം സെന്റ് മാതൃസ് ചര്‍ച്ച് വികാരിയുമായ ഡോ. സോണി ( തോമസ്) തെക്കുംമുറിയില്‍(59) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച 1.30 ന് ആലപ്പുഴ ചേന്നങ്കരി സെന്റ് ജോസഫ്‌സ് പള്ളിയില്‍.
ചമ്പക്കുളം ഫൊറോനാ, ചേന്നങ്കരി സെന്റ് ജോസഫ്സ് ഇടവകയിൽ തെക്കുംമുറിയിൽ മാത്യൂ ജോസഫ്(കുട്ടപ്പൻ) പെണ്ണമ്മ ദമ്പതികളുടെ ആറു മക്കളിൽ ഇളയവനായി 1967 ജനുവരി 14 ജനനം.
ബേബിച്ചൻ, ജോർജ്കുട്ടി, ഗ്രേസമ്മ, സി. ഡോ. മേഴ്‌സി SABS, സി. ലിസി SABS എന്നിവർ സഹോദരങ്ങൾ.
ചേന്നങ്കരി തോട്ടുകടവ് ഗവൺമെന്റ് സ്കൂളിലെയും ചേന്നങ്കരി ദേവമാത ഹൈസ്കൂളിലെയും വിദ്യാഭ്യാസത്തിനുശേഷം, 1982 ജൂൺ 09 ബുധനാഴ്ച കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്ന സോണിച്ചൻ തുടർന്ന് മാംഗ്ലൂർ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽനിന്ന് ഫിലോസഫി, തിയോളജി പഠനവും പൂർത്തീകരിച്ചു. ഇക്കാലത്ത് മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്നു BA ബിരുദവും നേടി.
1993 മെയ് 01 ശനിയാഴ്ച മാതൃ ഇടവക ദൈവാലയത്തിൽ വച്ച് മാർ ജോസഫ് പൗവ്വത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.തൃക്കൊടിത്താനം സെന്റ് സേവ്യെഴ്‌സ് ഫോറോനാ ഇടവക, ചങ്ങനാശ്ശേരി സെന്റ് മേരീസ് കാത്തിഡ്രൽ ഇടവക(1994), പുതുക്കരി സെന്റ് സേവ്യെഴ്സ് ഇടവക(1995), മിത്രക്കരി ഈസ്റ്റ് ഹോളിഫാമിലി ഇടവക(1996) എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു.
പാമ്പാടി ദേവമാതാ ഇടവകവികാരിയായി സേവനം ചെയ്തതിനൊപ്പം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നും തിയോളജിയിൽ മാസ്റ്റർ ബിരുദവും, തുടർന്ന് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ഇടവകയിലെ സേവനകാലത്ത് കോട്ടയം SEERI യിൽ നിന്നും സുറിയാനിയിൽ MA ബിരുദവും നേടി.
2003 ൽ കോട്ടയം ഐക്കര ച്ചിറ സെന്റ് ജോർജ് ഇടവക വികാരിയായി എത്തുകയും, പുതിയ ദൈവാലയം നിർമ്മിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.പിന്നീട് കോട്ടയം താഴത്തങ്ങാടി തിരുഹൃദയം, വടവാതൂർ സെന്റ് തോമസ് എന്നീ ഇടവകകളിൽ ശുശ്രൂഷ ചെയ്ത കാലത്ത് വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിൽ നിന്നും ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് നേടി.
സീറോ മലബാർ സഭാ സിനഡിന്റെ അംഗീകാരത്തോടെ 2009 ൽ സൗദി അറേബ്യയിൽ ആദ്യമായി ആരംഭിച്ച പ്രവാസിമിഷന്റെ ഡയറക്ടറായി 2011 വരെ സേവനം ചെയ്തു.
ആലപ്പുഴ പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസിസ്സി ഇടവക ദൈവാലയം നിർമ്മാണത്തിന് നേതൃത്വം നൽകി.
പിന്നീട് മാമ്മൂട് ലൂർദ്ദ് മാതാ ദൈവാലയ നിർമ്മാണത്തിനും നേതൃത്വം നൽകി.താഴത്തു വടകര ലൂർദ്ദ് മാതാ ചർച്ച്, അരുവിക്കുഴി ലൂർദ്ദ് മാതാ എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു.
ഫാ. സോണി തെക്കുംമുറിയുടെ
മൃതസംസ്ക്കാര കർമ്മങ്ങളുടെ സമയക്രമം:
O8/06/2026 (തിങ്കളാഴ്ച)
08.30 am – 09.00 am:
ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം
10.15 am – 11.45 am:
കോട്ടക്കപ്പുറം സെൻറ്. മാത്യൂസ് പള്ളിയിൽ പൊതുദർശനം
01.00 pm – 02.00 pm:
മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ പൊതുദർശനം
03.30 pm:
ചേന്നങ്കരിയിലുള്ള സഹോദരൻ ശ്രീ ജോർജ്ജ് മാത്യുവിൻ്റെ (ജോർജ്ജുകുട്ടി) ഭവനത്തിൽ
മൃതസംസ്ക്കാര കർമ്മങ്ങളുടെ ഒന്നാം ഭാഗം
05.00 pm:
ചേന്നങ്കരി സെൻറ് ജോസഫ് പള്ളിയിൽ പൊതുദർശനം
09/06/2026 (ചൊവ്വാഴ്ച)
01.50 pm:
മൃതസംസ്ക്കാര കർമ്മങ്ങളുടെ രണ്ടാം ഭാഗം: ചേന്നങ്കരി സെൻറ് ജോസഫ് പള്ളിയിൽ
02:15 pm:
വി. കുർബാന, സമാപന ശുശ്രൂഷകൾ.

