Spread the love

‘ഗോഡ്സില്ല വെഴ്സസ് കോംഗ്’ ചിത്രങ്ങളിലൂടെ ലോകമെങ്ങും ആരാധകരെ നേടിയ അമേരിക്കന്‍ യുവനടി കെയ്‍ലി ഹാട്ട്ല്‍ (18) കാറപകടത്തില്‍ അന്തരിച്ചു. മേരിലാൻഡിലെ ഫ്രെഡറിക്കിലുണ്ടായ വാഹനാപകടത്തിലാണ് താരത്തിന്റെ ദാരുണാന്ത്യം.

തന്‍റെ ബധിരതയെ അതിജീവിച്ച് സിനിമകളിൽ നടത്തിയ മികച്ച പ്രകടനത്തിലൂടെ സിനിമാപ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് കെയ്‍ലി.

അച്ഛന്‍ ജോഷ്വ ഹാട്ട്ല്‍ ഫേസ്ബുക്ക് ലൈവിലൂടെ അമേരിക്കന്‍ സൈന്‍ ലാംഗ്വേജിലാണ് മകളുടെ മരണവിവരം ലോകത്തെ അറിയിച്ചത്. പിന്നീട് പ്രമുഖ മാധ്യമമായ ടി.എം.സിയും (TMZ) ഇക്കാര്യം സ്ഥിരീകരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ വെച്ച് കെയ്ലിയുടെ ഹൃദയം നിലയ്ക്കുകയായിരുന്നുവെന്ന് പിതാവ് വ്യക്തമാക്കി.

മരണകാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല. കെയ്‍ലി പഠിച്ചിരുന്ന ‘ദി ടെക്സാസ് സ്കൂൾ ഫോർ ദി ഡെഫ്’ എന്ന സ്ഥാപനവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വേർപാടിൽ അനുശോചനം അറിയിച്ചു. തലമുറകളായി ബധിരതയെ നേരിടുന്ന കുടുംബമാണ് കെയ്ലിയുടേത്. അവളുടെ അച്ഛൻ ജോഷ്വയും ബധിരനാണ്.

2021-ൽ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ ‘ഗോഡ്സില്ല വെഴ്സസ് കോംഗിൽ’ ബധിരയും അനാഥയുമായ ‘ജിയ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കെയ്‍ലി ശ്രദ്ധേയയാകുന്നത്.