തിരുവനന്തപുരം: അങ്കണവാടി അധ്യാപിക പിഞ്ചുകുഞ്ഞിന്റെ മുഖത്തടിച്ചതായി പരാതി. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകല ആണ് കുഞ്ഞിനെ മർദിച്ചത്. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കുഞ്ഞിനെ ഇന്നലെ വൈകിട്ട് കുളിപ്പിക്കുമ്പോഴായിരുന്നു മുഖത്ത് മർദനമേറ്റ പാടുകൾ അമ്മ കണ്ടത്. കുഞ്ഞിൻ്റെ മുഖത്ത് മൂന്ന് വിരൽപാടുകളാണ് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.
ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിക്കുകയാണ്.
അതേസമയം ആശുപത്രി അധികൃതർ ബാലാവകാശ കമ്മീഷന് പരാതി കൈമാറി. തമ്പാനൂർ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. ടീച്ചർക്കെതിരെ വകുപ്പ്‌തല നടപടി എടുക്കും. കർശന നടപടിയെടുക്കുമെന്ന് ബാലവകാശ കമ്മീഷണ ചെയർപേഴ്സൺ വ്യക്തമാക്കി.

