Spread the love

കോട്ടയം : നിലമ്പൂര്‍ തെരഞ്ഞെടുപ്പിലെ ഇടതു പരാജയത്തിന്റെയും പഞ്ചായത്ത് തെരഞ്ഞെടുപ്പും മുഖ്യചര്‍ച്ചാ വിഷയമായി കേരള കോണ്‍ഗ്രസ് എം യോഗം ഇന്ന്.പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അധ്യക്ഷതയില്‍ ചേരുന്നത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം പ്രത്യേകിച്ച് യുഡിഎഫ് തുടര്‍ച്ചയായ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ഇവ ചര്‍ച്ചയാകും. യുഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് എമ്മിന് വാതില്‍ തുറന്നിട്ടിരിക്കുകയാണെങ്കിലും നേതാക്കള്‍ക്ക് താല്‍പര്യമില്ല. അണികളാകട്ടെ അത് ആഗ്രഹിക്കുന്നുമുണ്ട്. വനയോര മേഖലയായ നിലമ്പൂരില്‍ വന്യജീവി ആക്രമണം ഉള്‍പ്പടെയുളള വിഷയങ്ങള്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായി. കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ഇടതു സര്‍ക്കാര്‍ നല്‍കിയില്ലെന്ന വികാരവും പാര്‍ട്ടിയില്‍ ശക്തമാണ്.

അഞ്ചു വര്‍ഷം മുന്‍പു പഞ്ചായത്ത് തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണു കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫില്‍ എത്തിയത്. മറ്റൊരു പഞ്ചായത്തു തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ ആരംഭിച്ച വേളയിലാണു സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് ഉള്‍പ്പെടെ ചര്‍ച്ചയാകും. ഇത്തവണ കൂടുതല്‍ സീറ്റെന്ന ആവശ്യത്തിന് അംഗീകാരം ലംഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പാര്‍ട്ടിക്കു ശക്തിയുള്ള മലയോര മേഖലകളില്‍ കൂടുതല്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് (എം) ആഗ്രഹിക്കുന്നുണ്ട്.