Spread the love

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന അപകടത്തിൽ മരണമടഞ്ഞ മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഏഴോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

മന്ത്രി ജി.ആർ. അനിൽ, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബി.ജെ.പി നേതാവ് എസ്. സുരേഷ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽനിന്ന് റോഡ് മാർഗം മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി.

സഹോദരൻ രതീഷും ബന്ധു ഉണ്ണികൃഷ്ണനും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. 11ഓടെ രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം. തുടർന്ന് വൈകീട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. കഴിഞ്ഞ ദിവസം ഡി.എൻ.എ പരിശോധനയിലൂടെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.

സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.