Spread the love

കോട്ടയം: മാണി സി കാപ്പന്‍ വീണ്ടും പ്രവചിച്ചു. ഇക്കുറി നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമാണ്.

കുറഞ്ഞത് 8000 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് ജയിക്കും. 18000 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫിന് കിട്ടിയാലും അദ്ഭുതപ്പെടാനില്ല – പാലാ എംഎല്‍എ യായ മാണി സി കാപ്പന്‍ വ്യക്തമാക്കി. ഇതുവരെയുളള കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ എല്ലാം കൃത്യമായിരുന്നു. പാലായിലെ തന്റെ വിജയം ഉള്‍പ്പടെ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്നായിരുന്നു കാപ്പന്റെ പ്രവചനം. 15,386 വോട്ടായിരുന്നു യഥാര്‍ഥ ഭൂരിപക്ഷം.

തൃക്കാക്കരയില്‍ ഉമാ തോമസിന് 25,000നു മുകളില്‍ ലഭിക്കുമെന്നു പ്രവചിച്ചു. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് 30,000നു മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്നു മാണി സി.കാപ്പന്‍ പ്രവചിച്ചിരുന്നു. എല്ലാം ഫലിച്ചു.

6 ദിവസം നിലമ്പൂര്‍ മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് കാപ്പന്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അവിടെ ഭരണപക്ഷ വിരുദ്ധ വികാരമാണ് എല്ലാവരും പങ്കുവച്ചതെന്നും പതിനായിരത്തില്‍ താഴെ വോട്ട് മാത്രമേ അന്‍വറിന് കിട്ടുകയുള്ളുവെന്നും കാപ്പന്‍ പറയുന്നു.

നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നാളെയാണ്. ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിനു ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും.

ആദ്യം നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടുകളും ഒരു ടേബിളില്‍ സര്‍വീസ് വോട്ടും എണ്ണും. പിന്നാലെ 14 ടേബിളുകളിലായി ഇവിഎം വോട്ടുകളും ഒരേസമയം എണ്ണിത്തുടങ്ങും. നിലവില്‍ യുഡിഎഫ് ഭരിക്കുന്നതും കഴിഞ്ഞതവണ എല്‍ഡിഎഫിന് 33 വോട്ടിന്റെ നേരിയ ലീഡ് നല്‍കിയതുമായ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. കൂടുതല്‍ ബൂത്തുകളുള്ളതും ഇവിടെയാണ്. കഴിഞ്ഞതവണ യുഡിഎഫിനു വലിയ ലീഡ് നല്‍കുകയും നിലവില്‍ യുഡിഎഫ് ഭരിക്കുകയും ചെയ്യുന്ന മൂത്തേടം പഞ്ചായത്തിലെ ബൂത്തുകള്‍ പിന്നാലെ എണ്ണും.