Spread the love

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാള്‍ ശേഷിക്കെ യുഡിഎഫിനും എല്‍ഡിഎഫിനും ആത്മവിശ്വാസം. യുഡിഎഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആവര്‍ത്തിക്കുമ്പോള്‍ വിജയിക്കുമെന്നും ഭൂരിപക്ഷം ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് ഇടതു സ്ഥാനാര്‍ഥി എം സ്വരാജിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. അതേ സമയം 75000 വരെ വോട്ടു തനിക്ക് ലഭിക്കുമെന്നാണ് പി.വി അന്‍വറിന്റെ വാ്ക്ക്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. എന്നാല്‍ എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനില്ലെന്നും മുസ്ലിം ലീഗിന്റെ വോട്ട് പി വി അന്‍വറിന് ലഭിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിലമ്പൂരില്‍ യുഡിഎഫ് പ്രതീക്ഷിച്ച പോലെ തന്നെയുള്ള വിജയം നേടും. ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും. ഭൂരിപക്ഷം പറയാനില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും നിലമ്പൂര്‍ ഇംപാക്ട് ഉണ്ടാക്കും. മുന്നണിയില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതാണ് ലീഗിന്റെ രീതി. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഷൗക്കത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മുസ്ലിം ലീഗിന്റെ വോട്ട് അന്‍വറിന് കിട്ടുമെന്നത് തെറ്റിധാരണയാണ്. യാതൊരു കളിയുമില്ലാതെ മുന്നണിക്ക് വേണ്ടി ലീഗ് പ്രവര്‍ത്തിച്ചു. അന്‍വര്‍ എത്ര വോട്ട് പിടിക്കുമെന്ന് അറിയില്ല. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ല. അക്കാര്യത്തില്‍ പിന്നീട് മുന്നണിയില്‍ ചര്‍ച്ച ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം സ്വരാജ് വിജയിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍.രണ്ടായിരത്തില്‍ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ കണക്കില്‍ പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്. എം സ്വരാജ് 80250- 80500 വോട്ടുകള്‍ നേടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 78000- 78500, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8000 – 8500, പി വി അന്‍വര്‍ 5000 – 5250 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്.