Spread the love

ദില്ലി: ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

അതേസമയം ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 10 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചയാളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു.

അതേസമയം പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ആക്രമിച്ച് 70 ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്.

പാകിസ്ഥാൻ്റെ മിലിട്ടറി കേന്ദ്രങ്ങൾ തകർത്തിട്ടില്ലെന്നും പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന പൂർണമായും സജ്ജമാണെന്നും കേണൽ സോഫിയ ഖുറേഷി വ്യക്തമാക്കി. പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു