Spread the love

ലക്‌നൗ∙ വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വിളിക്കാതെ, കാമുകനൊപ്പം ജീവിക്കാനുള്ള തീരുമാനത്തിന് സമ്മതം നൽകി ഭർത്താവ്. ഉത്തർപ്രദേശിലെ മലിഹാബാദിലാണ് സംഭവം.

കഴിഞ്ഞ വർഷം മേയിലാണ് യുവതി പ്രൊവിൻഷ്യൽ റൂറൽ ഡെവലപ്‌മെന്റ് (പി.ആർ.ഡി.) സേനയിലെ ജവാനെ വിവാഹം കഴിച്ചത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് കുടുംബാംഗങ്ങളെ അറിയിക്കാതെ യുവതി ഭർതൃവീട്ടിൽനിന്ന് പുറത്തുപോയി. ഏറെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ ഭർത്താവ് മലിഹാബാദ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ ബുധനാഴ്ച യുവതി കാമുകനൊപ്പം മലിഹാബാദ് പൊലീസ് സ്റ്റേഷനിലെത്തി. വിവാഹത്തിന് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. യുവതി പൊലീസ് സ്റ്റേഷനിലെത്തിയ വിവരമറിഞ്ഞതോടെ ഇരു കുടുംബങ്ങളിലെയും ബന്ധുക്കളും സ്ഥലത്തെത്തി.

ഭർത്താവിനൊപ്പം മടങ്ങിപ്പോയി ദാമ്പത്യജീവിതം തുടരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മണിക്കൂറുകളോളം യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കാമുകനൊപ്പം ജീവിക്കണമെന്ന തീരുമാനത്തിൽനിന്ന് യുവതി പിന്മാറാൻ തയ്യാറായില്ല.

ഒടുവിൽ ഭർത്താവ് യുവതിയുടെ തീരുമാനം അംഗീകരിക്കുകയും പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകുകയും ചെയ്തു. പിരിയുന്നതിനുമുമ്പ്, താൻ തിരഞ്ഞെടുത്ത പുരുഷനോട് വിശ്വസ്തയായി തുടരണമെന്ന് ഭർത്താവ് യുവതിയോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
തുടർന്ന് യുവതിയും കാമുകനും സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരായി. വിവാഹശേഷം ഇരുവരും ഒരുമിച്ച് മടങ്ങി.