Spread the love

കോട്ടയം : ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മള്ളിയൂർ മഹാഗണപതി ക്ഷേത്രദർശനത്തിന് എത്തുന്നു. വിനായക ചതുർഥിയുടെ തലേന്ന് ഓഗസ്റ്റ് 26 നാണ് ഗവർണർ വിഘ്നേശ്വരനെ’ ദർശിക്കാൻ എത്തുന്നത്.

വൈകുന്നേരം നാലുമണിക്ക് ക്ഷേത്രത്തിലെത്തുന്ന ഗവർണറെ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി. ദിവാകരൻ നമ്പൂതിരി എന്നിവരും ഗണേശ ഭക്തരും ചേർന്ന് സ്വീകരിക്കും. തുടർന്ന് പൂർണ്ണ കുംഭം നൽകി ക്ഷേത്രത്തിനകത്തേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കും.

ക്ഷേത്രദർശനത്തിനുശേഷം തിരുനടയ്ക്ക് മുന്നിൽ വിനായക ചതുർഥി മംഗള ദീപം ഗവർണർ പ്രകാശിപ്പിക്കും.

ഫ്രാൻസിസ് ജോർജ് എം.പി, മഹാമണ്ഡലേശ്വർ സ്വാമി സാധു ആനന്ദവനം ഭാരതി മഹാരാജ്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, എൻ. അജിതൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, ബിജെപി കോട്ടയം മേഖല പ്രസിഡൻറ് എൻ. ഹരി, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻ ലാൽ തുടങ്ങിയവർ പങ്കെടുക്കും

വിനായക ചതുർഥി മംഗള ദീപം പിറ്റേന്ന് ചതുർഥി ദിന പരിപാടികൾ സമാപിക്കും വരെ കെടാവിളക്കായി ജ്വലിക്കും.