ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനെതിരേ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ- ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.
കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതബാധിത കുടുംബങ്ങൾക്ക് സുരക്ഷിതവും അന്തസ്സുള്ളതും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാനുള്ള സർക്കാരിന്റെ അചഞ്ചലമായ ദൃഢനിശ്ചയത്തിന് അടിവരയിടുന്നതാണ് ഈ പദ്ധതി.
ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികത്തിൽ കേരള സർക്കാർ മാതൃകാ ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യ മാതൃകാഭവനം അനാച്ഛാദനം ചെയ്തു. ഇത് ഒരു നാഴികക്കല്ല് മാത്രമല്ല, ദുരന്ത ബാധിതരോടു സർക്കാർ കാണിക്കുന്ന അനുകമ്പ, സാങ്കേതിക മികവ്, ഉത്തരവാദിത്തം എന്നിവയുടെ വിജയവുമാണ്.
ദീർഘവീക്ഷണമുള്ളതും സംയോജിതവുമായ മോഡൽ ടൗൺഷിപ്പ് പരമ്പരാഗത ഭവനപദ്ധതികളിൽനിന്ന് വ്യത്യസ്തമായാണ് ഒരുക്കിയിട്ടുള്ളത്. അങ്കണവാടി. ആരോഗ്യകേന്ദ്രം, ഓപ്പൺ എയർ തിയേറ്റർ, മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ കം ദുരന്ത നിവാരണ അഭയകേന്ദ്രം, മെറ്റീരിയൽ കളക്ഷൻ സൗകര്യം, ദുരന്തത്തിൽ നഷ്ടപ്പെട്ടവർക്കുള്ള സ്മാരകം തുടങ്ങിയ സൗകര്യങ്ങളുടെ പിന്തുണയുള്ള 410 വീടുകളാണ് നിർമിക്കുന്നത്. സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ട്. പൊതു ഇടങ്ങൾ, റോഡുകൾ, ചെക്ക് ഡാം പാലങ്ങൾ, കലുങ്കുകൾ, പൊതു ശൗചാലയങ്ങൾ, തെരുവുവിളക്കുകൾ തുടങ്ങിയ ദീർഘകാല സൗകര്യങ്ങൾ ഇവിടെയുണ്ട്. ആധുനിക നിർമാണം പാരിസ്ഥിതിക മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ടൗൺഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

