Spread the love

പത്തനംതിട്ട: കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. 55 മണ്ഡലങ്ങളിലെ സാരഥികളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ്സിനുള്ളില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്ന പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടെ സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ പാർട്ടി വിട്ടു പോകും എന്ന പ്രചാരണത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡൻ. കോൺഗ്രസ് പ്രസ്ഥാനത്തെ താൻ സമ്മർദ്ദത്തിലാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. പലരും തന്നോട് താൻ പാർട്ടി വിട്ടു പോകുകയാണോ എന്ന് ചോദിക്കുന്നു. തൻ്റെ അച്ഛൻ്റെ പേര് ആർ ഇന്ദുചൂഡൻ എന്നാണെന്നും തൻ്റെ അച്ഛൻ തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാർട്ടിയിൽ നിന്നപ്പോഴാണെന്നും വിജയ ഇന്ദുചൂഡൻ പ്രതികരിച്ചു.

ആറന്മുള നിയമസഭാ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയ് ഇന്ദുചൂഡനേയും പരിഗണിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസിന്‍റെ ആദ്യ ഘട്ട പട്ടികയിൽ ആറന്‍മുള മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

വിജയ് ഇന്ദുചൂഡന്‍റെ കുറിപ്പ്

രണ്ട് ദിവസമായി വന്ന ഫോൺ കോളുകളിൽ ഭൂരിഭാഗവും ഞാൻ പാർട്ടി മാറുന്നുണ്ടോ,പാർട്ടി വിട്ട് പോകുകയാണോ എന്നുള്ള കളിയാക്കലുകളും വൈകാരികമായ ചോദ്യങ്ങളും ചർച്ചകളുമാണ്. അത് പ്രിയപ്പെട്ട രമേശ്‌ ചെന്നിത്തല അടക്കമുള്ള ആളുകളുടെ അടുത്ത് എത്തിച്ചിട്ടുമുണ്ട്. അവരോടായി ഒരു കാര്യം പറയാം..

എന്റെ അച്ഛന്റെ പേര് ആർ ഇന്ദുചൂഡനെന്നാണ്. തലയും നട്ടെല്ലും പൊട്ടി രക്തം ചീന്തി മരിച്ചത് ഈ പാർട്ടിയിൽ നിന്നപ്പോഴാണെങ്കിൽ ഈ പാർട്ടിയാണ് എന്റെ രക്തം, ഒരു മറു ചിന്ത കൊണ്ടോ, പ്രകടനങ്ങൾ കൊണ്ടോ ഈ പ്രസ്ഥാനത്തിനെ സമ്മർദത്തിലാക്കുവാൻ ഞാനുണ്ടാകില്ല. എന്റെ വാക്കാണത്