Spread the love

ബെംഗളൂരു: വിഖൃത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന്(വെള്ളി) വൈകീട്ട് 4.30 ഓടെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. പത്മഭൂഷൻ നൽകി രാജ്യം ആദരിച്ച പ്രതിഭയാണ് ടി.ജെ.എസ് ജോര്‍ജ്.

തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിയാളാണ് ടി.ജെ.എസ് ജോർജ്. 2011 ലായിരുന്നു പത്മഭൂഷൻ ലഭിച്ചത്. 2019 ൽ, കേരള സർക്കാരിന്റെ പത്രപ്രവർത്തന രംഗത്തെ ഉന്നത അംഗീകാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഓണേഴ്സ് ബിരുദം കരസ്ഥമാക്കിയ ടി.ജെ.എസ് ജോർജ്, 1950 ൽ ബോംബെയിലെ ഫ്രീ പ്രസ്സ് ജേർണലിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഇന്റർനാഷണൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച്‌ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ തുടങ്ങി വിവിധ മാധ്യമങ്ങളിൽ ജോലി ചെയ്തു.

ഹോംങ്കോങ്ങിൽ നിന്നുള്ള ഏഷ്യാവീക്കിന്റെ സ്ഥാപക പത്രാധിപരാണ്‌ ജോർജ്. ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളായ ജോർജ് പ്രശസ്ത കോളമിസ്റ്റുകൂടിയായിരുന്നു. 1928 മെയ് 7 ന്‌ ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് ജനനം. ഭാര്യ: പരേതയായ അമ്മു. മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷെബ.