Spread the love

അടിപൊളി ശബ്ദവും വെളിച്ചവും ഉളള മോഡിഫിക്കേഷന്‍ വേണ്ട മന്ത്രി സി.പി ജോണ്‍, ടിപ്പര്‍ ലോറികള്‍ക്ക് സമയനിയന്ത്രണത്തേക്കാള്‍ അഭികാമ്യം പെര്‍മിറ്റ് റദ്ദാക്കല്‍

സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ ഉപാധികളോടെ മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. സുരക്ഷ അവഗണിച്ചും, ശബ്ദവും വെളിച്ചവും വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ളതുമായ മോഡിഫിക്കേഷന്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

‘വാഹന മോഡിഫിക്കേഷന്‍ വിഷയത്തില്‍ 100 ദിവസത്തിനുള്ളില്‍ ചില കാര്യങ്ങള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മിതമായ പരിഷ്‌കാരങ്ങള്‍ ആകാം. ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന, തീ പറത്തുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ പാടില്ല. മോഡിഫിക്കേഷനുകള്‍ നടത്തുന്നവര്‍ സ്വന്തമായി ഒരു പരിധി നിശ്ചയിക്കണം. തെറ്റുകളില്‍ വലുത് ചെറുത് എന്ന് നോക്കാന്‍ കഴിയില്ല. മോഡിഫിക്കേഷന് ചുമത്തേണ്ട ചാര്‍ജുകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു’ – സി പി ജോണ്‍ പറഞ്ഞു.

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുള്‍പ്പെടെ ജീവന്‍ നഷ്ടമായ സംഭവത്തിലും മന്ത്രി സംസാരിച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ച് കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ടിപ്പര്‍ ലോറികള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും ഫലപ്രദം പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികളിലേക്ക് കടക്കുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ടിപ്പറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് കൊട്ടാരക്കരയില്‍ അപകടമുണ്ടായത്. രണ്ടോ മൂന്നോ മണിക്കൂര്‍ അധികം നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അവര്‍ ബാക്കിയുള്ള സമയത്ത് ഇപ്പോഴത്തേതിലും മരണപ്പാച്ചിലാകും നടത്തുക. അത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവയ്ക്കുകയേ ഉള്ളു. പകരം കടുത്ത നടപടികളെടുക്കണം. ഡ്രൈവര്‍മാര്‍ സ്വയം നിയന്ത്രിച്ചാല്‍ മാത്രമേ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയുള്ളു എന്നും മന്ത്രി പറഞ്ഞു.