ഇസ്‌ലാമാബാദ് : പാകിസ്ഥാനി ടിവി അവതാരകയും പ്രോഗ്രാം ഹോസ്റ്റുമായ റാബിയ അഹ്സാനെ റാവൽപിണ്ടിയിലെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് അഹ്സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വീട്ടിൽനിന്ന് തോക്ക് കണ്ടെത്തി.
ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് റാബിയ കിടപ്പുമുറിയിൽ വെടിയേറ്റു മരിച്ചത്. ഈ സമയം അവരുടെ അമ്മയും സഹോദരിയും വീടിന്റെ മുറ്റത്തായിരുന്നു. വെടിശബ്ദം കേട്ട് മുറിയിലേക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയും കയ്യിൽ തോക്കുമായി നിൽക്കുന്ന ഭർത്താവിനെയുമാണ് കണ്ടതെന്ന് സഹോദരി അൽവിന പൊലീസിനു മൊഴി നൽകി.
കഴുത്തിന് താഴെയും മുതുകിന്റെ വലതുഭാഗത്തുമായി റാബിയയ്ക്ക് വെടിയേറ്റ മുറിവുകളുണ്ട്. അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് ഭർത്താവ് താഹിർ പൊലീസിനോട് പറഞ്ഞത്.
റാബിയ അഹ്സാൻ ‘92 ന്യൂസ്’ ചാനലിലാണ് ജോലി ചെയ്തിരുന്നത്. ഭർത്താവ് ഓവർസീസ് പാക്കിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്.

