Spread the love

റബർ വില 300 രൂപ; തലശ്ശേരി ബിഷപ്പ് പാംപ്ലാനിയുടെ പഴയ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയുടെ പുതിയ നീക്കം? ബിഷപ്പിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ എൻ. ഹരി

തലശ്ശേരി: റബറിന് കിലോഗ്രാമിന് 300 രൂപ വില ഉറപ്പാക്കിയാൽ കേരളത്തിൽ ബിജെപിക്ക് ഒരു എംപിയെ വിജയിപ്പിക്കാൻ കർഷകർ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു. റബർ ബോർഡ് ചെയർമാൻ എൻ. ഹരി ബിഷപ്പ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ രാഷ്ട്രീയ ശ്രദ്ധ നേടുന്നത്. റബർ വില 300 രൂപ യിൽ എത്തിയ സാഹചര്യത്തിലാണ് റബർ ബോർഡ് ചെയർമാനും ബിജെപി നേതാവുമായ ഹരിയുടെ സന്ദർശനം ശ്രദ്ധേയമാകുന്നത്.
തലശ്ശേരി ബിഷപ്പ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി, അരുൺ തോമസ് എന്നിവരും എൻ. ഹരിക്കൊപ്പം ഉണ്ടായിരുന്നു.
റബർ മേഖലയിലെ വികസനത്തിനായി റബർ ബോർഡ് നടപ്പാക്കിവരുന്ന വിവിധ പദ്ധതികളും ഭാവി പ്രവർത്തനങ്ങളും സംബന്ധിച്ച് എൻ. ഹരി ആർച്ച് ബിഷപ്പിനോട് വിശദീകരിച്ചു.

 

റബർ കർഷകരുടെ ക്ഷേമം, മേഖലയിലെ പുരോഗതി, ബോർഡിന്റെ വിവിധ പദ്ധതികൾ എന്നിവയും ചർച്ചയായി. കർഷകർക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ചെയർമാൻ എൻ. ഹരിക്ക് ബിഷപ്പ് എല്ലാവിധ ആശംസകളും നേർന്നു.
എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് കേവലം ഔദ്യോഗിക സന്ദർശനത്തിനപ്പുറം രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

 

റബർ കർഷകരുടെ വോട്ടുകൾ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിർണായകമാകുമെന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. പ്രത്യേകിച്ച് മധ്യകേരളത്തിലെയും മലബാറിലെയും കുടിയേറ്റ കർഷക മേഖലകളിൽ സ്വാധീനം വർധിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് റബർ വില ഒരു പ്രധാന രാഷ്ട്രീയ വിഷയമാണ്.

 

2023-ൽ പാംപ്ലാനി നടത്തിയ 300 രൂപ റബർ വിലയെന്ന ആവശ്യം അന്ന് ദേശീയ രാഷ്ട്രീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിൽ ബിജെപിക്ക് ഒരു എംപിയെ വിജയിപ്പിക്കാൻ കർഷകർ സഹായിക്കുമെന്ന അദ്ദേഹത്തിന്റെ പരാമർശം ബിജെപിക്ക് വലിയ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു.

 

എന്നാൽ പ്രഖ്യാപനങ്ങൾക്കപ്പുറം റബർ കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് കഴിയുമോ എന്നതാണ് നിർണായക ചോദ്യം. റബർ ബോർഡ് ചെയർമാന്റെ ബിഷപ്പ് ഹൗസ് സന്ദർശനം ഈ വിഷയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമിടുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു.

പാംപ്ലാനിയുടെ 300 രൂപ റബർ വിലയെന്ന രാഷ്ട്രീയ സന്ദേശത്തിന് ബിജെപി നൽകുന്ന പുതിയ മറുപടിയാണോ ഈ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. അതോ കർഷക ക്ഷേമവുമായി ബന്ധപ്പെട്ട സാധാരണ ഔദ്യോഗിക കൂടിക്കാഴ്ച മാത്രമോ എന്ന വിലയിരുത്തലും വരും
ദിവസങ്ങളിൽ ഇതിന്റെ രാഷ്ട്രീയ പ്രതിഫലനങ്ങളെ കൂടുതൽ ചർച്ചയാകും മെന്ന് ഉറപ്പാണ്.