തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. ചൊവ്വാഴ്ച മാത്രം 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളോടെ 295 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. മലപ്പുറത്തും പാലക്കാടുമായി ഡെങ്കിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (47 പേർ).
കോഴിക്കോട് 31, എറണാകുളത്ത് 24, തൃശ്ശൂരിൽ 15, തിരുവനന്തപുരത്ത് 13, പത്തനംതിട്ടയിൽ 10 പേർക്കുവീതം ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
22 പേർക്കാണ് എലിപ്പനി ബാധിച്ചത്. തിരുവനന്തപുരത്തും കണ്ണൂരും ഓരോ മരണമുണ്ടായി. കൊല്ലത്ത് മുപ്പത്തിയഞ്ചുകാരന്റെ മരണത്തിലും എലിപ്പനി സംശയിക്കുന്നുണ്ട്. തൃശ്ശൂരിൽ ഒരു എച്ച് വൺ എൻ വൺ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.
15 പേർക്ക് ഷിഗെല്ലയും രണ്ടുപേർക്ക് ചിക്കുൻഗുനിയയും ഒരാൾക്ക് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് ചിക്കുൻഗുനിയ ബാധിതരുള്ളത്. തൃക്കണ്ണാപുരം സ്വദേശിക്കാണ് അമീബിക് മസ്തിഷ്കജ്വരം.
അതേസമയം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്.
തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്കും സന്ധികൾക്കും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനി കുറഞ്ഞാലും തുടർച്ചയായ ഛർദി, വയറുവേദന, രക്തസ്രാവം, ശ്വാസതടസ്സം, കടുത്ത തളർച്ച എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക.
വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങൾ, ചിരട്ടകൾ, ടയറുകൾ എന്നിവ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്യുക. വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും വലയോ തുണിയോ ഉപയോഗിച്ച് കൃത്യമായി മൂടിവെക്കുക. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുക് ലേപനങ്ങൾ ഉപയോഗിക്കുക, കിടപ്പുമുറിയിൽ കൊതുകുവല ഉപയോഗിക്കുക.

