Spread the love

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു യുവതികൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ വലിയ പറമ്പിൽ വി.പി. നീഷ്മയാണ്(30) അറസ്റ്റിലായത്. കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവർക്കൊപ്പമുള്ള ആളാണ് നീഷ്മയും.

കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന, ചെരുവാളൂർ സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് കെ.കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം നീഷ്മയെ അറസ്റ്റ് ചെയ്തത്. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.

അതേസമയം കേസില്‍ കൂടുതല്‍ പേര്‍ കണ്ണികളായിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വടകര റൂറല്‍ എസ്.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് അധ്യാപികമായ ലഹരി കേസില്‍ അറസ്റ്റിലായത് പ്രദേശത്തെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ആവശ്യക്കാരെ നേരിട്ട് കാണാതെ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഇവര്‍ ലഹരി മാഫിയയുമായി ബന്ധം പുലര്‍ത്തിയിരുന്നത്. ലഹരി കൈമാറുന്നതിനും പണം വാങ്ങുന്നതിനും ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നത്. നീഷ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കും വന്‍തോതില്‍ ഡ്രഗ് മണി എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.