മലപ്പുറം: മുസ്ലിംലീഗിന്റെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യം ഒടുവില്‍ പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വി.ഡി സതീശന് അംഗീകരിക്കേണ്ടി വന്നിരിക്കുന്നു.
താന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പെന്ന ഏകാധിപത്യ പിടിവാശിയുമായി മുന്നോട്ടുപോയ വി.ഡി സതീശന് പി.വി അന്‍വറിനെ കൂടെക്കൂട്ടിയില്ലെങ്കില്‍ തന്റെ ഭാവി മുഖ്യമന്ത്രി മോഹം വീണുടയുമെന്ന വീണ്ടുവിചാരമുണ്ടായിരിക്കുന്നു.
യുഡിഎഫ് പ്രവേശന സാദ്ധ്യത ഇന്നലെ രാത്രി മങ്ങിയതോടെ ഇന്നു രാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിനെ വാരിവലിച്ച് നിലത്തടിക്കാന്‍ ലക്ഷ്യമാക്കി അന്‍വര്‍ പത്രസമ്മേളനം ഇന്നലെയേ വിളിച്ച് അറേഞ്ച് ചെയ്തിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പത്രസമ്മേളനത്തിനെത്തിയ അന്‍വര്‍ സമവായ സൂചനയാണ് നല്‍കിയത്. തന്നെ യുഡിഎഫിന്റെ ഉന്നതരായ നേതാക്കള്‍ വിളിച്ചുവെന്നും ഈയൊരു പകല്‍ കൂടി കാത്തിരിക്കാനും നിര്‍ദേശിച്ചുവത്രേ. ഇതിനാല്‍ ആര്യാടന് ഷൗക്കത്തിനെ അലക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം അന്‍വര്‍ മാറ്റിവെച്ചു.
ഇന്നു വൈകിട്ടത്തെ യുഡിഎഫ് യോഗത്തില്‍ അന്‍വറിന് യുഡിഎഫ് പ്രവേശനം സാദ്ധ്യമാകുമെന്നാണ് കിട്ടുന്ന സൂചനകള്‍. നേരത്തെ തന്നെ ഈ വിഷയം യുഡിഎഫിന് പരിഹരിക്കാമായിരുന്നതാണ്. വി.ഡി സതീശന്റെ പിടിവാശിയാണ് ഇത്രയും കാര്യങ്ങള്‍ വഷളാക്കിയത്.
ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തനിക്കെതിരാണെന്ന ബോധം ഇപ്പോള്‍ വി.ഡി സതീശനു വന്നിരിക്കുന്നു. പിടിവാശിയുമായി മുന്നോട്ടുപോയാല്‍ ആര്യാടന് ഷൗക്കത്തെങ്ങാനും തോറ്റുപോയാല്‍ എല്ലാവരും കൂടി തന്റെ നെഞ്ചത്തോട്ട് കയറുമെന്ന് സതീശനു മനസിലായിരിക്കുന്നു. ഭാവി മുഖ്യമന്ത്രി കുപ്പായം തയ്ച്ചുവച്ചിരിക്കുന്ന സതീശന് അപകടം മണത്തതോടെ കളം മാറ്റി അദ്ദേഹം ചവിട്ടുകയാണ്.
ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ രാവിലെ പറഞ്ഞു.
കെ സുധാകരന്റെ ഇടപെടലാണ് അന്‍വറിനെ കുറച്ച് കൂടി കാത്തിരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. സുധാകരന് അന്‍വറുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന. മുസ്ലിം ലീഗിന്റെ നേതാക്കള്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരും അന്‍വറിനോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നിര്‍ണായകമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് അന്‍വര്‍ ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചത്. തൃണമൂലിനെ യുഡിഎഫ് സഖ്യകക്ഷിയാക്കാത്തതും നിലമ്പൂരില്‍ വി എസ് ജോയ്യെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാത്തതുമായിരുന്നു അന്‍വറിനെ ഒറ്റയ്ക്ക് മത്സരിക്കാന്‍ പ്രേരിപ്പിച്ചത്.
ഇതിനിടെ മുന്നണിപ്രവേശനം സംബന്ധിച്ച് വി ഡി സതീശനെ രൂക്ഷമായി വിമര്‍ശിച്ചും അന്‍വര്‍ രംഗത്തെത്തിയിരുന്നു. വി ഡി സതീശന്റെ നിഗൂഢലക്ഷ്യം പിണറായിസത്തെ നേരിടലല്ല മറിച്ച് പി വി അന്‍വറിനെ ഒതുക്കുക എന്നതാണ്. അന്‍വറിനെ കൊല്ലണം എന്നതാണ് വിഡി സതീശന്റെ ലക്ഷ്യമെന്ന ഗുരുതര ആരോപണവും പി വി അന്‍വര്‍ ഉന്നയിച്ചു. ഒന്നുകില്‍ തന്നെ ടി പി ചന്ദ്രശേഖരന് ആക്കുക അല്ലെങ്കില്‍ അബ്ദുള്‍ നാസര്‍ മഅദ്നിയാക്കുക. തന്നെ ഒറ്റയടിക്ക് വെട്ടിക്കൊല്ലണോ അതോ ജയിലലടച്ച് ഇഞ്ചിഞ്ചായിട്ട് കൊല്ലണോ എന്നാണ് വി ഡി സതീശന് ചിന്തിക്കുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം തനിക്ക് നന്നായി അറിയാമെന്നും പി വി അന്‍വര്‍ തുറന്നടിച്ചിരുന്നു.
കെ സി വേണുഗോപാലുമായി തന്റെ കൂടിക്കാഴ്ച മുടക്കിയത് സതീശനായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു.
ബുധനാഴ്ച അഞ്ച് മണിക്ക് കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നും അറിയിച്ചിരുന്നതാണ്. അന്‍വറിനെ കണ്ടാല്‍ യുഡിഎഫ് ചെയര്മാന് സ്ഥാനം രാജിവെയ്ക്കുമെന്ന് വി ഡി സതീശന് അവസാന നിമിഷം കെ സി വേണുഗോപാലിനെ അറിയിച്ചു. ഇതില്‍ നിസ്സഹായനായ കെ സി വേണുഗോപാല്‍ തിരക്കാണെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് മനഃപൂര്‍വ്വം കൂടിക്കാഴ്ച്ചയില്‍ നിന്നും പിന്മാറുകയായിരുന്നു എന്നുമാണ് അന്‍വര്‍ പറഞ്ഞത്.

