Spread the love

കോട്ടയം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം തടവുശിക്ഷ. കോട്ടയം വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30,84,892 രൂപ പിഴയും കോടതി ചുമത്തി.

ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിന് ആനുപാതികമല്ലാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് നടപടി. നേരത്തെ കേസിൽ തച്ചങ്കരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് വർഷത്തിൽ കൂടുതലുള്ള തടവുശിക്ഷയായതിനാൽ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങി. തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.

2013-ൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയ കേസാണ്. സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി നടപടി പൂർത്തിയാക്കിയത്. 2003 ജനുവരിമുതൽ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും, അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല.

പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. 2007-ൽ തച്ചങ്കരി ഡി.ഐ.ജി.യായി സ്ഥാനക്കയറ്റം കിട്ടിയശേഷം ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കുറ്റപത്രം സമർപ്പിക്കുമ്പോൾ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവിയായി ഉയർന്നിരുന്നു.