ചവറ : കുസൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെ (39 ) ആണ് ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞു വികൃതി കാണിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ട്. കുട്ടിയുടെ അമ്മ വിദേശത്താണ് ജോലി ചെയ്യുന്നത്. താൻ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ സംഭവിച്ചതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
ഓഗസ്റ്റ് 6ന് രാത്രിയിലാണ് സംഭവം. കുട്ടിയെ മൊബൈൽ ഫോൺ ചാർജറിന്റെ വയർ കൊണ്ട് അടിച്ച ശേഷം ഇസ്തിരിപ്പെട്ടി ചൂടാക്കി ഇടതു കാലിന്റെ മുട്ടിനു താഴെ പൊള്ളലേൽപ്പിക്കുകയായിരുന്നു. പഞ്ചായത്ത് കമ്യൂണിറ്റി ഫെസിലിറ്റേറ്റർ വിവരം ചൈൽഡ് ലൈനിൽ നൽകുകയും അവർ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയെ സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തി രണ്ടാനച്ഛനെതിരെ കേസെടുത്തു.
മുന്നു മാസം മുൻപാണ് കുട്ടിയുടെ അമ്മ വിദേശത്തേക്ക് പോയത്. മുത്തശ്ശിക്കും രണ്ടാനഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്.

