Spread the love

കോട്ടയം : രക്തദാഹിയായ എം. എം മണിയെ എത്രയും വേഗം ചങ്ങലയ്ക്കിട്ട് തുറുങ്കിൽ അടയ്ക്കുകയോ കാപ്പാ ചുമത്തി നാടുകടത്തുയോ ചെയ്യണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു.സി പി എമ്മിനെതിരെ ശബ്ദിക്കുന്നവരെ കൊലപ്പെടുത്തണമെന്ന പരസ്യമായി ആഹ്വാനമാണ് മണി നടത്തിയിരിക്കുന്നത്.

ബിജെപിയിലേക്ക് വന്ന മുൻ എംഎൽഎ രാജേന്ദ്രനെ വധിക്കണമെന്ന ആഹ്വാനമാണ് മണി ഏറ്റവും ഒടുവിൽ പുറപ്പെടുവെച്ചിരിക്കുന്നത്. വൺ ടൂ ത്രീ കൊലവറി പ്രസംഗത്തിന് ശേഷം ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നടത്തുന്നത് പാർട്ടിയുടെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ്.

ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത മുൻമന്ത്രിയും എംഎൽഎയുമായ ഒരാൾ ഐഎസിനെയും താലിബാനെയും ഓർമ്മിപ്പിക്കുന്ന തിട്ടൂരം നൽകിയിരിക്കുകയാണ്.തലയ്ക്ക് വിലപറയുന്ന മണിയ്ക്ക് ഇനി എംഎൽഎ പദത്തിൽ ഇരിക്കാൻ അർഹതയില്ല.മണിയുടെ നിയമസഭാംഗത്വം റദ്ദാക്കാൻ സ്പീക്കർ തയ്യാറാകണം.

ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഇത്തരം കൊടും ക്രിമിനലുകളെ അധികാരപദവികളിൽ നിലനിർത്താൻ അനുവദിച്ചു കൂടാ. അത് ഭരണഘടന നൽകുന്ന സുരക്ഷിതവും നിർഭയവുമായി താമസിക്കുന്നതിനുള്ള പൗരാവകാശത്തിന്റെ ലംഘനമാണ്.

വെടിവെച്ചും, വെട്ടിയും കുത്തിയും മൂന്ന് രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിയെന്ന് നേരത്തെ പരസ്യമായി വെളിപ്പെടുത്തിയ നേതാവാണ് മണി. ഒരു മുൻ എംഎൽഎയ്ക്കെതിരെയാണ് ഇപ്പോൾ കൊലവെറിപ്രസംഗം നടത്തിയിരിക്കുന്നത്. അതിനാൽ മണിയെ ഇനി നിയമസഭയിൽ കാലുകുത്താൻ അനുവദിക്കരുത്. അത് ഓരോ മലയാളിയുടെയും ആവശ്യമാണ്.