Spread the love

പിണറായി വിജയന്‍ വീണ്ടും കേരള മുഖ്യമന്ത്രി ആകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണിശങ്കര്‍ അയ്യരെ തള്ളി രമേശ് ചെന്നിത്തല.

മണിശങ്കര്‍ അയ്യര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ല. ഇക്കാര്യം എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മണിശങ്കര്‍ അയ്യരുടെ പ്രസ്താവന ചടങ്ങിന് വിളിച്ചതിന്റെ ഉപകാരസ്മരണയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ദര്‍ശനം ഇന്ത്യയില്‍ നടപ്പാക്കിയ ഏക സംസ്ഥാനം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളമാണെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തെ ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് തന്നെ ഭാഗ്യമെന്നായിരുന്നു പ്രതികരണം.

ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ‘വിഷന്‍ 2031’ എന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേദിയിലായിരുന്നു മണിശങ്കര്‍ അയ്യര്‍ സംസ്ഥാനത്തിന്റെ വികസനത്തെയും സംസ്ഥാന സര്‍ക്കാരിനെയും പുകഴ്ത്തിയത്. അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയന്‍തന്നെ ആയിരിക്കുമെന്നും അദ്ദേഹത്തെ വേദിയിലിരുത്തി മണിശങ്കര്‍ അയ്യര്‍ പറഞ്ഞിരുന്നു. സമ്മേളനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിന്റെ നടപടിയില്‍ വളരെയധികം ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഷയത്തില്‍ മണിശങ്കര്‍ അയ്യരെ തള്ളി ഹൈക്കമാന്‍ഡ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മണിശങ്കര്‍ അയ്യര്‍ക്ക് കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്. മണിശങ്കര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചിരുന്നു.

അതേസമയം മണിശങ്കര്‍ അയ്യരെ അധിക്ഷേപിച്ചായിരുന്നു കെപിസിസി വക്താവ് ഡോ. ജിന്റോ ജോണിന്റെ പ്രതികരണം. ഈ അലവലാതിയെ ഇനിയും ചുമക്കണോയെന്നായിരുന്നു ജിന്റോ ഫേസ്ബുക്കില്‍ കുറിച്ചത്.