തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. എറണാകുളം ജില്ലയിൽ കോതമംഗലത്ത് കനത്ത കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. കുട്ടമ്പുഴ കുറ്റിയംചാൽ ഭാഗങ്ങളിൽ വീടുകൾക്ക് കേടുപറ്റി. കൂടാതെ നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്.
മൂവാറ്റുപുഴയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരത്തിലെ കാർ സർവീസിന് സെൻ്ററിലെ മേൽക്കൂര തകർന്നു. അപകടത്തിൽ ആളപായമില്ല. എന്നാൽ സർവീസിന് എത്തിച്ച നിരവധി കാറുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ട്.
മലപ്പുറം പാണ്ടിക്കാട് കനത്ത മഴയിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ജി എം എൽ പി സ്കൂളിന്റെ മേൽക്കൂരയാണ് വീണത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല.
അതേസമയം പത്തനംതിട്ട നാറാണമൂഴി പഞ്ചായത്തിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീട് തകർന്നു. കോട്ടയം ഉഴവൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്കേറ്റു. പൂവത്തുങ്കൽ സ്വദേശി ബാബുവിനാണ് പരിക്കേറ്റത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാർ രക്ഷപെട്ടു.
കൊല്ലം പുനലൂർ നെല്ലിപ്പള്ളിയിൽ ശക്തമായ മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിറവന്തൂർ വൻമള സ്വദേശി സിജു തോമസ് ആണ് മരിച്ചത്. സർവീസ് സ്റ്റേഷനോട് ചേർന്ന് സിജു ഇരുന്ന ലോറിക്ക് മുകളിലേക്ക് കോൺക്രീറ്റ് ഭിത്തി പതിക്കുകയായിരുന്നു.

