മുംബൈ: പുണെയിൽ തന്റെ പ്രതിശ്രുതവധുവും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി സിയയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതികളായ പ്രതിശ്രുത വധു സിയ ഗോയലിനേയും കാമുകൻ ചേതൻ ചൗധരിയേയും പോലീസ് ചോദ്യംചെയ്തു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യംചെയ്തത്. കേതൻ അഗർവാളിനെ കൊലപ്പെടുത്താനുണ്ടായ സാഹചര്യം, കൊലപ്പെടുത്തിയ രീതി, പ്രതികളുടെ പശ്ചാത്തലം എന്നിവ പരിശോധിക്കുകയാണ് പോലീസ്.
തനിക്ക് കേതനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് കേതനോട് സിയ പറഞ്ഞിരുന്നു. എന്നാൽ വിവാഹനിശ്ചയം റദ്ദാക്കാൻ കേതൻ തയ്യാറായിരുന്നില്ല, എന്നാണ് സിയ പോലീസിന് നൽകിയിരിക്കുന്ന മൊഴിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേത്തുടർന്നാണ് ചേതനുമായി ചേർന്ന് കേതനെ കൊലപ്പെടുത്താൻ സിയ പദ്ധതിയിട്ടതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തുകയാണെന്നു പ്രതികളായ വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും. ഒളിച്ചോടാനാണ് താൻ ലക്ഷ്യമിട്ടതെന്നും കൊലപാതകത്തിനു നിർബന്ധിച്ചത് സിയയാണെന്നുമാണു ചേതൻ പൊലീസിനോട് പറഞ്ഞത്. അതേസമയം കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിയ ചേതനുമേൽ ചുമത്തി. കൊലപാതകം ചേതന്റെ ആശയമാണെന്നും ജൂൺ 14ന് കേതനെ വധിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ചേതൻ തന്റെ മുന്നിലിരുന്നു പൊട്ടിക്കരഞ്ഞെന്നും സിയ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഗൂഢാലോചനാ കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാൻ പ്രതികൾ നടത്തുന്ന തന്ത്രമായാണ് പൊലീസ് ഈ പരസ്പര വിരുദ്ധമായ മൊഴികളെ കാണുന്നത്. ജൂൺ 29 വരെ ഇരുവരും പൊലീസ് കസ്റ്റഡിയിൽ തുടരും.

